പയസ്വിനി ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
ക്ഷീരോല്‍പാദനത്തില്‍ ജില്ല താമസിയാതെ സ്വയംപര്യാപ്തത കൈവരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ഈ ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പയസ്വിനി പദ്ധതി മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീരവികസനവകുപ്പ് മുഖേന നടപ്പിലാക്കുന്ന ‘പയസ്വിനി’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലാ ആസൂത്രണസമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. ക്ഷീരമേഖലയിലേക്ക് പുതിയ തലമുറയില്‍ നിന്നുള്ള ആളുകള്‍ കടന്നുവരേണ്ടതുണ്ടെന്നും എങ്കില്‍ മാത്രമേ ഈ മേഖലയ്ക്ക് നിലനില്‍ക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. മേഖലയുടെ വികസനത്തിനാവശ്യമായ എന്ത് പദ്ധതികളും നടപ്പിലാക്കാന്‍ ജില്ലാ പഞ്ചായത്ത് കൂടെയുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.
ക്ഷീര സഹകരണ സംഘത്തില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് പാലിന് ഇന്‍സെന്റീവ്, ക്ഷീര സംഘങ്ങളില്‍ക്കൂടി പശുവിനെ വാങ്ങാന്‍ പലിശരഹിത ലോണ്‍ തുടങ്ങിയവ നല്‍കുന്ന പദ്ധതിയാണ് ‘പയസ്വിനി’. ജില്ലയില്‍ ആവശ്യമായ പാല്‍ ഇവിടെ തന്നെ ഉല്‍പ്പാദിപ്പിക്കാനുള്ള പരിശ്രമമാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാംന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ സുരേഷ് ബാബു പറഞ്ഞു. ജില്ലയില്‍ തെരഞ്ഞെടുക്കപ്പെടുന്ന 30 സംഘങ്ങള്‍ക്ക് പയസ്വിനി പദ്ധതിയിലൂടെ പശുക്കളെ വാങ്ങുന്നതിനു രണ്ട് ലക്ഷം രൂപ വീതമാണ് അനുവദിക്കുക. ഇതനുസരിച്ച് സംഘങ്ങളിലെ അഞ്ച് കര്‍ഷകര്‍ക്ക് പശുവിനെ വാങ്ങാന്‍ 40,000 രൂപ പദ്ധതിയിലൂടെ വായ്പയായി ലഭിക്കും.  ഒരുവര്‍ഷം കൊണ്ട് പാല്‍ അളക്കുന്ന പാലില്‍ നിന്ന് ലോണ്‍ തിരിച്ചുപിടിക്കും. റിവോള്‍വിംഗ് ഫണ്ടായി സംഘങ്ങള്‍ക്ക് ഈ തുക ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.
പദ്ധതി നടപ്പിലാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് അനുവദിച്ച വാഹനത്തിന്റെ താക്കോല്‍ദാനവും ചടങ്ങില്‍ വച്ച് മന്ത്രി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ കെ.പി ജയബാലന്‍ മാസ്റ്റര്‍, അംഗം അന്‍സാരി തില്ലങ്കേരി, ആസൂത്രണ സമിതി അംഗം കെ.വി ഗോവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.