സ്ഥിരം പരിശീലന കേന്ദ്രത്തിന് 10 ലക്ഷം രൂപ വകയിരുത്തി 

കടുത്തുരുത്തി മൃഗാശുപത്രിയെ പോളിക്ലിനിക്കായി ഉയര്‍ത്തുന്ന കാര്യം പരിഗണനയിലാണെന്ന് വനം- ക്ഷീര -മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. കോട്ടയം ജില്ലയില്‍ ഏറ്റവും അധികം പാലുല്പാദകരുള്ള പ്രദേശം എന്ന നിലയിലാണ് കടുത്തുരുത്തിയെ പരിഗണിക്കുന്നത്. കടുത്തുരുത്തി ഗ്രാമപഞ്ചായ ത്തിന്റെ ആധുനികസൗകര്യങ്ങളോടുകൂടിയ മൃഗാശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. ഇനി അനുവദിക്കുന്ന പോളി ക്ലിനിക്കുകളില്‍ ആദ്യത്തേത് കടുത്തുരുത്തിയായിരിക്കും. കൂടാതെ കടുത്തുരുത്തി മൃഗാശുപത്രി കേന്ദ്രീകരിച്ച് കര്‍ഷകര്‍ക്കായി ഒരു സ്ഥിരം പരിശീലന കേന്ദ്രം ആരംഭിക്കും. ഇതിലേക്കായി 10 ലക്ഷം രൂപ മാറ്റി വെച്ചതായും അദ്ദേഹം പറഞ്ഞു. നിലവില്‍ 85 ശതമാനം പാലുല്പാദനം നടത്താന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ക്ഷീര കര്‍ഷകര്‍ ഒന്നിച്ച് ശ്രമിച്ചാല്‍ പാലുല്‍പ്പാദനത്തില്‍ ഡിസംബറോടെ സ്വയംപര്യാപ്തത നേടാന്‍ നമുക്ക് കഴിയും. ഇതിനായി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഓരോ ബ്ലോക്കിലെയും ഒരു മൃഗാശുപത്രി 24 മണിക്കൂര്‍ സേവനം നല്‍കുന്ന രീതിയില്‍ ക്രമീകരിച്ചിട്ടുണ്ട്. പാല്‍ ഉല്പാദനത്തില്‍ മാത്രമല്ല മുട്ട, ഇറച്ചി ഉത്പാദനത്തിലും സ്വയംപര്യാപ്തത കൈവരിക്കേണ്ടതുണ്ട്. ഇതിനായി 1000 പോള്‍ട്രീ യൂണിറ്റുകള്‍ ഈ വര്‍ഷം കേരളത്തിലാരംഭിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ 5000 പോള്‍ട്രീ യൂണിറ്റുകള്‍ ആരംഭിക്കാനാണ് പദ്ധതി ഇട്ടിട്ടുളളത്. നല്ലയിനം മുട്ടക്കോഴിയും പേരന്റ് എഗ്ഗും വിതരണം ചെയ്യും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് മുട്ട, ഇറച്ചി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടുന്നതിനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരി ക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍.എന്‍ ശശി പദ്ധതി വിശദീകരിച്ചു. ഗോസമൃദ്ധി ഇന്‍ഷുറന്‍സ് പദ്ധതി സര്‍ട്ടിഫിക്കറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി വിതരണം ചെയ്തു. പഞ്ചായത്ത്തല മൃഗസംരക്ഷണ പദ്ധതികളുടെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജു, വൈസ് പ്രസിഡന്റ് കെ.എന്‍ സുധര്‍മ്മന്‍, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ആല്‍ബര്‍ട്ട്, ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ജോസ് പുത്തന്‍കാല, തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വി സുനില്‍ സ്വാഗതവും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ പി. ബി സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു. രാവിലെ നടന്ന ക്ഷീരകര്‍ഷക സെമിനാര്‍ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ. എം ദിലീപ് ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ മേഖലയിലെ നൂതന സാധ്യതകള്‍ എന്ന വിഷയത്തിലാണ് സെമിനാര്‍ നടന്നത്. തുരുത്തി വെറ്റിനറി സര്‍ജന്‍ ഡോ. ജേക്കബ് മാത്യു സെമിനാര്‍ നയിച്ചു. കടുത്തുരുത്തി വെറ്റിനറി സര്‍ജന്‍ ഡോ. രാജി ജെയിംസ്, കോട്ടയം ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. സാജു ജോസഫ് എന്നിവര്‍ സംസാരിച്ചു.