കാക്കനാട്: ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപഭോഗത്തിനെതിരെ   സംസ്ഥാന ലഹരി വര്‍ജന മിഷന്‍ ‘വിമുക്തി’യുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് ജൂലൈ 15ന് ജില്ലയില്‍ പതിനായിരത്തോളം പേര്‍ പങ്കെടുക്കുന്ന ഹാഫ് മാരത്തണ്‍ സംഘടിപ്പിക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് അറിയിച്ചു. മഹാരാജാസ് കോളേജ് പരിസരം മുതല്‍ ഫോര്‍ട്ട് കൊച്ചിവരെയുള്ള ഹാഫ് മാരത്തണാണ് സംഘടിപ്പിക്കുക. കൊച്ചിന്‍ മണ്‍സൂണ്‍ മാരത്തണ്‍ റണ്‍ എഗയ്ന്‍സ്റ്റ് ഡ്രഗ്‌സ് എന്ന ഹാഫ് മാരത്തണ്‍ ജൂലൈ 15 രാവിലെ ആറിന് തുടങ്ങും.  പ്രായ-ലിംഗാടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളിലായിട്ടായിരിക്കും മത്സരങ്ങള്‍. കളക്ടറേറ്റില്‍ നടന്ന ആലോചനായോഗത്തിലാണ് തീരുമാനം.
ഇതിനു മുന്നോടിയായി ജില്ലയുടെ വിവിധ ഭാഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബഹുജനപങ്കാളിത്തത്തോടെ ബോധവത്കരണ – പ്രചാരണ പരിപാടികള്‍ നടത്തും.  ഹൈസ്‌കൂളുകള്‍, ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍, കോളേജുകള്‍, എന്‍.എസ്.എസ്., എന്‍.സി.സി., വൈ.എം.സി.എ,  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സാമൂഹ്യ, സന്നദ്ധ സംഘടനകള്‍, മതസംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, മറ്റു സര്‍ക്കാര്‍ -സ്വകാര്യ- പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍നിന്നുമുള്ള പങ്കാളിത്തവും ഉറപ്പാക്കും.  ഹാഫ് മാരത്തണിന്റെ ലോഗോ സ്‌കൂളുകളിലും കോളേജുകളിലും പ്രദര്‍ശിപ്പിക്കും.      ‘വിമുക്തി’ പദ്ധതിയില്‍ ഇതുവരെ നടത്തിയതില്‍വെച്ച് വിപുലമായ പരിപാടി സംഘടിപ്പിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.          പരിപാടിയില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു.  ഹാഫ് മാരത്തണ്‍ ലോഗോ പി.ടി.തോമസ് എം.എല്‍.എ.യും  എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങും ചേര്‍ന്ന് പ്രകാശനം ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബി എ അബ്ദുള്‍ മുത്തലിബ്, എഡിഎം എം കെ കബീര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷരായ സി പി ഉഷ,  ഉദയകുമാര്‍, സതി ജയകൃഷ്ണന്‍, എംഎ ഗ്രേസി, ജെസി പീറ്റര്‍, ഉഷ ശശിധരന്‍, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി കെ മിനിമോള്‍,  എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ നെല്‍സണ്‍, തദ്ദേശ സ്വ്‌യംഭരണസ്ഥാപനങ്ങളിലെ മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സാമൂഹ്യസംഘടനകളുടെയും റസിഡന്റ്‌സ് അസോസിയേഷനുകളിലെയും പ്രതിനിധികള്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.