പുകയില ഉപേക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാകാം എന്ന സന്ദേശം നൽകി കൊണ്ട് ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു. ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.കെ കുട്ടപ്പൻ നിർവ്വഹിച്ചു. പുകവലിക്കുന്നവരിൽ കോവിഡ് രോഗം ഉണ്ടാകുന്നതിനും ഗുരുതരമാകുന്നതിനും മരണം സംഭവിക്കുന്നതിനും സാധ്യത കൂടുതലാണ്. അതിനാൽ പുകയില ഉപയോഗം വർജ്ജിക്കേണ്ടതിന് എല്ലാവിധ പരിശ്രമങ്ങളും നടത്തേണ്ടതാണ് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അറിയിച്ചു. ഓൺലൈൻ ആയി നടന്ന ഉദ്ഘാടന ചടങ്ങിൽ ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നുമ്പേലി അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടന ചടങ്ങിനോടനുബദ്ധിച്ച് ആശാ പ്രവർത്തകർക്കും ഹെൽത്ത് വോളണ്ടിയർമാർക്കുമായി വെബിനാറും സംഘടിപ്പിച്ചിരുന്നു.

ഡെപ്യൂട്ടി ഡി.എം.ഒയും ടുബാക്കോ കൺട്രോൾ പ്രോഗ്രാമിൻ്റെ നോഡൽ ഓഫീസറുമായ ഡോ.സവിത പുകയിലയും ആരോഗ്യ പ്രശ്നങ്ങളും, COTPA നിയമം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു. പുകയിലഉത്പന്നങ്ങളോടുള്ള ആസക്തിയിൽ നിന്നും മോചനം നേടുന്നതിൽ കൗൺസിലിങിൻ്റെ പ്രധാന്യത്തെക്കുറിച്ച് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നോഡൽ ഓഫീസർ ഡോ.സൗമ്യ രാജ് ക്ലാസ് എടുത്തു.

ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ മാനസികാരോഗ്യ പരിപാടി എന്നിവ സംയുക്ത്മായാണ് പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യ വകുപ്പിലെയും ദേശീയ ആരോഗ്യ ദൗത്യത്തിലെയും ഉദ്യോഗസ്ഥർ, ആശാ പ്രവർത്തകർ, ഹെൽത്ത് വോളണ്ടിയർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.