എറണാകുളം: ജില്ലയിൽ മഴക്കാല പൂർവ പകർച്ചവ്യാധി പ്രതിരോധ ശുചീകരണ പ്രവർത്തനങ്ങൾക്കായുള്ള തയാറെടുപ്പുകൾ ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശാനുസരണം ഈ മാസം (ജൂൺ) അഞ്ച് , ആറ് തീയതികളിലായി വിപുലമായ ജനകീയ പങ്കാളിത്തത്തോടെയാണ് ‘കരുതൽ ജനകീയ ശുചീകരണ പരിപാടി’ എന്ന് നാമകരണം ചെയ്തിട്ടുള്ള ശുചീകരണ പ്രവർത്തനങ്ങൾ ജില്ലയിൽ നടത്തുന്നത്.

വാർഡ്, അയൽക്കൂട്ട തലങ്ങളിലെ വിവിധ സംഘടനാ സംവിധാനങ്ങളെ ഏകോപിപ്പിച്ചാണ് ശുചീകരണ ക്യാമ്പയിൻ നടപ്പിലാക്കുന്നത്. വിവിധ ബഹുജന, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, തൊഴിലാളി സംഘടനകൾ, കുടുംബശ്രീ പ്രവർത്തകർ, റസിഡന്റ്സ് അസോസിയേഷനുകൾ, എൻ.സി.സി, എൻ.എസ്.എസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ എന്നിവർ ശുചീകരന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള പ്രവർത്തനങ്ങളുടെ ഏകോപന ചുമതല ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്.

വാർഡ് തലത്തിൽ 20 മുതൽ 25 വരെ വീടുകൾ ഉൾപ്പെടുന്ന ചെറുപ്രദേശങ്ങളായി തിരിച്ച് അഞ്ചിൽ കുറയാത്ത പ്രവർത്തകരെ ഉൾപ്പെടുത്തി പ്രദേശത്തെ വീട്ടുകാരുടെ സഹകരണത്തോടെ പരിസരം മാലിന്യ മുക്തമാക്കണം. വിവിധ വകുപ്പുകൾ, സാങ്കേതിക വിദഗ്ദ്ധർ, ഏജൻസികൾ എന്നിവരുടെ സഹകരണം ഉറപ്പാക്കും. ശേഖരിക്കുന്ന മാലിന്യങ്ങൾ ഗ്രീൻ കേരള കമ്പനി, ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ എന്നിവർക്ക് കൈമാറും.

ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ പദ്ധതിയുടെ നിയോജക മണ്ഡല അടിസ്ഥാനത്തിലുള്ള ഏകോപനത്തിനായി വിവിധ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർമാരെ ചുമതലപ്പെടുത്തി. യോഗത്തിൽ ജില്ലയിലെ വിവിധ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.