പുതിയ അധ്യയന വര്‍ഷത്തില്‍ കോട്ടയം ജില്ലയിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ പഠനമാരംഭിക്കുന്നത് 2.3 ലക്ഷത്തോളം വിദ്യാര്‍ഥികള്‍. ഓണ്‍ലൈന്‍ പ്രവേശന നടപടികള്‍ ഇപ്പോഴും തുടരുകയാണ്.

ഇന്നു(ജൂണ്‍ 1) രാവിലെ 8.30ന് തുടങ്ങുന്ന സംസ്ഥാനതല പ്രവേശനോത്സവത്തിനുശേഷമാണ് സ്കൂള്‍തല പരിപാടികള്‍. പ്രധാനാധ്യാപകരും ചുരുക്കം ജീവനക്കാരും മാത്രമാണ് സ്കൂളുകളില്‍ എത്തുക. പ്രദേശത്തെ ജനപ്രതിനിധികളും മറ്റ് അധ്യാപകരും വിദ്യാര്‍ഥികളും ഓണ്‍ലൈനില്‍ പരിപാടിയില്‍ പങ്കുചേരും.

സഹകരണ-രജിസ്ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍, ജില്ലാ കളക്ടര്‍ എം. അ‍ഞ്ജന, വിദ്യാഭ്യാസ വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരുടെ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ പ്രദര്‍ശനത്തോടെയാണ് സ്കൂള്‍ തല പ്രവേശനോത്സവം ആരംഭിക്കുക. ലളിതമായ ചടങ്ങില്‍ കുട്ടികളുടെ കലാപരിപാടികളുടെ അവതരണവും ഉണ്ടാകും.