ആലപ്പുഴ: കോവിഡ് ബാധിതരായ ക്ഷീരകർഷകരുടെ കറവപ്പശുക്കളെയും മറ്റ് വളർത്തുമൃഗങ്ങളെയും സംരക്ഷിക്കുന്നതിനായി കഞ്ഞിക്കുഴി ക്ഷീര വികസന ഓഫീസും കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പാക്കിയ കോവിഡ് കെയർ പദ്ധതിയിലൂടെയുള്ള ധനസഹായ വിതരണം ആരംഭിച്ചു. ധന സഹായ വിതരണത്തിന്റെ ഉദ്ഘാടനം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ നിർവഹിച്ചു. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊക്ലാശ്ശേരി ക്ഷീരസംഘത്തിന് കീഴിലുള്ള അരുൺ എന്ന ക്ഷീരകർഷകനാണ് ആദ്യ ധനസഹായം നൽകിയത്.

കോവിഡ് ബാധിതരായ ക്ഷീരകർഷകരുടെ കറവപ്പശുക്കളെയും മറ്റും സംരക്ഷിക്കുന്നതിനായി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപയാണ് പദ്ധതിയിലൂടെ വകയിരുത്തിയിരിക്കുന്നത്. ഇതിൻറെ ഭാഗമായി ബ്ലോക്ക് പരിധിയിലെ എല്ലാ ക്ഷീരസംഘങ്ങൾക്കും കീഴിൽ കറവപ്പശുക്കളെ സംരക്ഷിക്കുന്നതിനായി സംരക്ഷണ കേന്ദ്രങ്ങൾ ആരംഭിച്ചിരുന്നു. പശുക്കളുടെ സംരക്ഷണത്തിനായി ആവശ്യമുള്ള കാലിത്തീറ്റ, ആദ്യ ഘട്ടമെന്ന നിലയിൽ 1000 രൂപ എന്നിവയാണ് സഹായമായി നൽകിയത്.

കോവിഡ് രോഗികളുടെ വീടുകളിലെ പശുക്കളെയും മറ്റും സംരക്ഷിക്കുന്നതിനായി കാലിത്തീറ്റയും പുല്ലും ഉൾപ്പെടെ ക്ഷീരസംഘങ്ങൾ വഴി നൽകും. ഇതിന് ചെലവാകുന്ന തുക ബ്ലോക്ക് പഞ്ചായത്തിൽ നിന്നും പദ്ധതിയിലൂടെ വകയിരുത്തിയിട്ടുള്ള തുകയിൽ നിന്നും നൽകും. ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിൽ ക്ഷീരസംഘങ്ങൾ വിവിധ സംരക്ഷണകേന്ദ്രങ്ങൾ ഇതിനകം ഒരുക്കിയിട്ടുണ്ട്.
സംരക്ഷണ കേന്ദ്രങ്ങളിൽ അല്ലാതെ കോവിഡ് ബാധിതരുടെ വീടുകളിൽ തന്നെ കന്നുകാലികളെ സംരക്ഷിക്കുകയാണെങ്കിലും പുല്ലും കാലിത്തീറ്റയും ക്ഷീരസംഘങ്ങൾ വഴി എത്തിച്ചു നൽകും. പദ്ധതിയുടെ ഭാഗമായി പശുക്കളെ പരിപാലിക്കുന്നതിനും പാൽ സംഭരിക്കുന്നതിനുമായി ആളുകളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പാൽ വില ഉടമകൾക്ക് തന്നെ നൽകും. ചടങ്ങിൽ മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദർശന ഭായ്, വാർഡ് അംഗം സുഖ ലാൽ, ക്ഷീരസംഘം പ്രസിഡന്റ് അമ്പിളി, സംഘം സെക്രട്ടറി രമാദേവി, ക്ഷീര വികസന ഓഫീസർ സിനിമോൾ എന്നിവർ പങ്കെടുത്തു.