എറണാകുളം: ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിൽ കോവിഡ് രോഗബാധ കൂടിയ പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളാക്കി മറ്റു പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കുന്നത് പരിഗണനയിൽ. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.
നിലവിൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചതും അല്ലാത്തതുമായ തദ്ദേശ സ്വയംഭരണ സ്ഥാപനപരിധികളിലെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തി നടപടി സ്വീകരിക്കും. പഞ്ചായത്ത് തലത്തിൽ ഐ.ആർ.എസ് യോഗങ്ങൾ ചേർന്ന് സത്വര നടപടികൾക്ക് രൂപം നൽകും. തഹസിൽദാർമാർക്ക് ഐ.ആർ.എസ് യോഗങ്ങളുടെ മേൽനോട്ട ചുമതല നൽകി.
മറ്റന്നാൾ അർദ്ധരാത്രി മുതൽ കൂടുതൽ പ്രദേശങ്ങളിലെ കണ്ടെയ്ൻമെന്റ് വ്യവസ്ഥകൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളാൻ യോഗത്തിൽ തീരുമാനിച്ചു. എടത്തലയിലും സമീപ പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ കോവിഡ് പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിക്കും. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.