തൃശ്ശൂർ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ സജ്ജമാക്കിയ കരുതൽവാസ കേന്ദ്രങ്ങൾ (ഡി സി സി) നടത്തി വരുന്നത് മികച്ച പ്രവർത്തനങ്ങൾ. ഇതിലൂടെ രോഗവ്യാപന തോത് കുറയ്ക്കാനായി എന്നതും ശ്രദ്ധേയമാണ്. രോഗ ലക്ഷണങ്ങളില്ലാതെ കോവിഡ് പോസിറ്റീവ് ആയവർക്കും വലിയ വീടോ മറ്റു സൗകര്യങ്ങളോ ഇല്ലാത്തവർക്കും ആശ്രയമാവുകയാണ് ജില്ലയിലെ കരുതൽവാസ കേന്ദ്രങ്ങൾ.
ജില്ലാ കലക്ടർ എസ് ഷാനവാസ് കരുതൽവാസ കേന്ദ്രങ്ങളിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നതും ഇതിൻ്റെ പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ സാഹചര്യമൊരുക്കി.
രണ്ടാം തരംഗം രൂക്ഷമായപ്പോൾ ജില്ലയിൽ 112 കരുതൽവാസ കേന്ദ്രങ്ങളാണ് ജില്ലാഭരണകൂടം തയ്യാറാക്കിയത്. ഇതിൽ 4412 ബെഡുകളും സജ്ജമാക്കി. നിലവിൽ 1400 ഓളം രോഗികൾ ഇവിടെയുണ്ട്.കോർപറേഷൻ, നഗരസഭകൾ, പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് ജില്ലയിലെ കരുതൽവാസ കേന്ദ്രങ്ങളുള്ളത്.
ജില്ലയിലെ കരുതൽവാസ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ജില്ലാ കലക്ടറേറ്റിൽ സജ്ജമാക്കിയിട്ടുള്ള കോവിഡ് കൺട്രോൾ റൂം (സി സി സി) ആണ്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലാണ് ഇവയുടെ പ്രവർത്തനം എന്നതിനാൽ ഇവിടെ പ്രവേശിക്കപ്പെട്ടവർക്ക് സുരക്ഷിതമായ സൗകര്യങ്ങളാണ് നൽകികൊണ്ടിരിക്കുന്നത്. കരുതൽവാസ കേന്ദ്രങ്ങളെ സ്ത്രീ പുരുഷ വാർഡുകളാക്കി തിരിച്ചാണ് പ്രവർത്തനം.
തദ്ദേശ സ്ഥാപനങ്ങളിലെ പഞ്ചായത്ത് പ്രസിഡൻ്റ്, നഗരസഭ ചെയർപേഴ്സൻ, മേയർ എന്നിവരാണ് ഇതിൻ്റെ ചുമതലക്കാർ. ഇവരുടെ നേതൃത്വത്തിൽ ദിവസവും കേന്ദ്രത്തിൽ സന്ദർശനം നടത്തുന്നുണ്ട്. കരുതൽവാസ കേന്ദ്രത്തിലെ വാർഡിനോട് ചേർന്ന് മെഡിക്കൽ റൂം, സ്റ്റാഫ് എന്നിവയും സജ്ജമാക്കിയതിനാൽ രോഗികളെ പരിചരിക്കുന്നതിന് പ്രയാസമില്ല. ഇവിടെ മരുന്നുകളും സൂക്ഷിച്ചിട്ടുണ്ട്. രക്തസമ്മർദ്ദം അളക്കുന്ന ഉപകരണം, ഗ്ലൂക്കോമീറ്റർ, സ്റ്റെതസ്കോപ്പ്, പൾസ് ഓക്സിമീറ്റർ എന്നിവയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് രോഗീപരിചരണ വിഭാഗത്തിലുള്ളത്. ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഇവരുടെ പ്രവർത്തനം.കരുതൽവാസ കേന്ദ്രത്തിലേക്ക് രോഗികളെ എത്തിക്കുന്നതിന് ആംബുലൻസും മറ്റ് വാഹന സൗകര്യവും അതത് തദ്ദേശ സ്ഥാപനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നോഡൽ ഓഫീസറുടെ നേതൃത്വത്തിൽ കമ്യൂണിറ്റി കിച്ചൻ വഴി മൂന്നു നേരവും ഭക്ഷണ വിതരണവും നടത്തുന്നുണ്ട്. കരുതൽവാസ കേന്ദ്രങ്ങളിൽ വിപുലമായ മാലിന്യ നിർമാർജന സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. രോഗികൾക്കുള്ള ബാത്റൂം ടോയ്ലറ്റ് സൗകര്യങ്ങളും എല്ലായിടത്തും മികച്ച രീതിയിൽ തന്നെയാണ് രൂപപ്പെടുത്തിയിരിക്കുന്നത്.
തദ്ദേശ സ്ഥാപനത്തിലെ പ്രസിഡൻ്റ്, ചെയർപേഴ്സൻ, മേയർ എന്നിവർ മേലധികാരികളും ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്മാർ വൈസ് ചെയർമാൻമാരും അതത് മെഡിക്കൽ ഓഫീസർമാർ കൺവീനർമാരും ജനപ്രതിനിധികൾ, തദ്ദേശ സെക്രട്ടറിമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് ഡി സി സിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.