തിരുവനന്തപുരം: ജില്ലയില്‍ സ്‌പെഷ്യല്‍ സ്‌കൂളുകളിലും ബഡ്‌സ് സ്‌കൂളുകളിലും പഠിക്കുന്ന 18നും 44നും മധ്യേ പ്രായമുള്ള പ്രത്യേക ശ്രദ്ധവേണ്ട വിദ്യാര്‍ഥികള്‍ക്കു കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ മണ്ണന്തല മരിയന്‍ പ്ലേഹോം, പോങ്ങുംമൂട് സെന്റ് പീറ്റേഴ്‌സ് സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കു വാക്‌സിന്‍ നല്‍കി.
സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടം മുന്‍കൈയെടുത്താണു വാക്‌സിന്‍ വിതരണം നടത്തുന്നത്. ഈ ആഴ്ച തന്നെ ജില്ലയില്‍ ഇത്തരത്തിലുള്ള എല്ലാ സ്‌കൂളുകളിലും വാക്‌സിനേഷനേഷന്‍ പൂര്‍ത്തിയാക്കുമെന്നു കളക്ടര്‍ പറഞ്ഞു.
ഓള്‍ഡ് ഏജ് ഹോമുകള്‍, ആദിവാസി മേഖലകള്‍, ജയിലുകള്‍, അഗതി മന്ദിരങ്ങള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍ എന്നിവിടങ്ങളിലും വാക്‌സിനേഷന്‍ ദ്രുതഗതിയില്‍ നടന്നുവരുന്നുണ്ട്. കിടപ്പു രോഗികള്‍ക്കും തീരദേശ മേഖലകളിലുള്ളവര്‍ക്കും എത്രയും വേഗം വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള നടപടികള്‍ നടന്നുവരുന്നതായും കളക്ടര്‍ പറഞ്ഞു.