* ഉദ്ഘാടനം ജൂണ്‍ 5 മുഖ്യമന്ത്രി നിര്‍വഹിക്കും
രാജ്യത്തെ ആദ്യ ജൈവവൈവിധ്യ മ്യൂസിയം വള്ളക്കടവില്‍ ഇന്ന് (ജൂണ്‍ 5) യാഥാര്‍ത്ഥ്യമാകും. 19 ാം നൂറ്റാണ്ടിലെ ചരിത്രപ്രധാന ‘ബോട്ടുപുര’യിലാണ് മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്.
പ്രകൃതിയുടെ എല്ലാ ഗാംഭീര്യവും ദുരൂഹതകളും ശാസ്ത്രത്തിന്റെ അതിശയങ്ങളും എല്ലാവര്‍ക്കും മനസിലാക്കാന്‍ കഴിയുംവിധമാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. ഭൂമിയുടെ തുടക്കവും ജീവന്റെ ഉത്ഭവവും എല്ലാം ഇവിടെ അടുത്തറിയാം. ഇന്ററാക്ടീവ് പാനലുകള്‍, വീഡിയോകള്‍, ജീവന്‍ തുളുമ്പുന്ന മോഡലുകള്‍, മറ്റ് വിവിധ തരം പ്രദര്‍ശനസാമഗ്രികള്‍ ഒക്കെയായി ജൈവവൈവിധ്യം ആകര്‍ഷകവും പഠനാത്മകവുമായി ഇവിടെ നിന്ന് മനസിലാക്കാം.
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരില്‍ കൗതുകം വര്‍ധിപ്പിക്കാനും, പഠനപ്രക്രിയയില്‍ സഹായിക്കാനും, അടുത്ത തലമുറയ്ക്ക് പ്രചോദനമാകാനുമാണ് മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്.
‘ജൈവവൈവിധ്യം- ജീവന് ആധാരം’ എന്ന വിഭാഗത്തില്‍ എങ്ങനെ ഭൂമിയുണ്ടായി, പരിണാമത്തിന്റെ ഘട്ടങ്ങള്‍, ജൈവവൈവിധ്യവുമായി ഇതിനുള്ള ബന്ധം എല്ലാം ക്രമപ്രകാരം വിശദീകരിക്കപ്പെടുന്നുണ്ട്. സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ക്ക് പ്രകൃതിയിലെ ജൈവവൈവിധ്യം എങ്ങനെ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് ലളിതമായി മനസിലാകും. ഇന്ററാക്ടീവ് കീയോസ്‌ക് സൗകര്യവുമുണ്ട്.
പ്രകൃതിയുടെ സങ്കീര്‍ണതകളുടെ ചുരുളഴിക്കുന്ന ‘സയന്‍സ് ഓണ്‍ സ്ഫിയര്‍’ വിഭാഗത്തില്‍ ദൃശ്യസാധ്യതകള്‍ കൃത്യമായി മള്‍ട്ടിമീഡിയ പ്രൊജക്ഷനുകളിലൂടെ വിനിയോഗിക്കുന്നു. ഭൂമി, സമുദ്രം, വന്‍കരകള്‍ എല്ലാം ആറടി വ്യാസമുള്ള ഭീമന്‍ ഗോളത്തിലൂടെ കാണാനാകും. ഒപ്പം ശബ്ദ വിവരണവുമുണ്ടാകും. പരിസ്ഥിതി സാക്ഷരത വളര്‍ത്താനും കാലാവസ്ഥാ വ്യതിയാനം, വനനശീകരണം, മലിനീകരണം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും സഹായമാകും.
പ്രകൃതി വൈവിധ്യവും അതിശയങ്ങളും ആസ്വദിക്കാന്‍ ഒരുക്കിയ ത്രീഡി തീയറ്ററാണ് മറ്റൊരു സവിശേഷത. 50 സീറ്റുകളാണ് ഇവിടെയുള്ളത്. കൂടാതെ, വിശദമായ പ്രദര്‍ശനഗ്യാലറികളും മ്യൂസിയത്തിലുണ്ട്. ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ച വരെ രാവിലെ 10.30 മുതല്‍ രാത്രി ഏഴുമണിവരെയാണ് സന്ദര്‍ശന സമയം. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡാണ് മ്യൂസിയത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്.
പരിസ്ഥിതി ദിനമായ ഇന്ന് (ജൂണ്‍ 5) വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മ്യൂസിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. 2017-18ലെ ജൈവവൈവിധ്യ അവാര്‍ഡുകളും മുഖ്യമന്ത്രി വിതരണം ചെയ്യും.
സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും. വി.എസ്. ശിവകുമാര്‍ എം.എല്‍.എ മുഖ്യാതിഥിയായിരിക്കും.