തൊഴിലുറപ്പ് പദ്ധതിയുടെ വിവിധ നഴ്‌സറികളിലായി തയ്യാറാക്കിയ 3.33 ലക്ഷം ഫലവൃക്ഷ തൈകളും, 2.12 ലക്ഷം മറ്റ് വൃക്ഷ തൈകളും പരിസ്ഥിതി ദിനത്തിൽ നട്ടുപിടിപ്പിക്കും. മാവ്, പ്ലാവ്, ചാമ്പ, പേര, നെല്ലി തുടങ്ങിയ 29 ഇനം ഫവലൃക്ഷ തൈകളും വേപ്പ്, കറിവേപ്പ്, മഹാഗണി, തേക്ക്, ആഞ്ഞിലി മുതലായ 31 ഇനം മറ്റ് വൃക്ഷ തൈകളുമാണ് തയ്യാറാക്കിയിട്ടുള്ളത്. വൃക്ഷ തൈകൾ വിവിധ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ നട്ട് പരിപാലിക്കും.

ഇതിന് പുറമേ സോഷ്യൽ ഫോറസ്ട്രിയിൽ നിന്നും ലഭ്യമാക്കുന്ന 10 ലക്ഷം തൈകളും, ആയുഷ് മിഷൻ ലഭ്യമാക്കുന്ന 2085 ഔഷധ തൈകളും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നട്ട് പരിപാലിക്കും. ജൂൺ അഞ്ച് മുതൽ ഒമ്പതുവരെ സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ള കർശന നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ ഉത്ഘാടന പരിപാടികൾ ഓൺലൈനായി മാത്രം സംഘടിപ്പിക്കുന്നതിനും മറ്റ് പ്രവർത്തനങ്ങളിൽ കർശന കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാനും നിർദ്ദേശിച്ചതായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിമിഷൻ ഡയറക്ടർ അറിയിച്ചു.