എറണാകുളം:   കുട്ടമ്പുഴ വില്ലേജില കുഞ്ചിപാറ ആദിവാസി കുടിയിൽ കോവിഡ് പരിശോധനയിൽ 50 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെ ഡൊമിസി ലിയറി കെയർ സെൻററിലേക്ക് മാറ്റി. ആരോഗ്യം, പോലീസ്, റവന്യൂ, ഫോറസ്റ്റ്, ട്രൈബൽ, തദ്ദേശ സ്ഥാപന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്നാണ് ഇവരെ ഡിസിസിയിലേക്ക് മാറ്റിയത്. 30 പേരെയാണ് മാറ്റിയത്. മുഴുവൻ രോഗികളെയും ഉടൻ തന്നെ മാറ്റുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കോതമംഗലം തഹസിൽദാരുടെ നേതൃത്വത്തിൽ പഞ്ചായത്ത്, ആരോഗ്യം, വനം, പോലീസ്, ടി ഡി ഒ എന്നി വകുപ്പുകളെ ഏകോപിപ്പിച്ചാണ് പ്രവർത്തനം നടത്തുന്നത്. ഡെപൂട്ടി തഹസിൽദാർമാർ, വില്ലേജ്ആഫിസർ ഉൾപ്പെടെ 10 അംഗ റവന്യു സ്പെഷ്യൽ സ്ക്വാഡ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

ബ്ലാവന കടവിൽ നിന്നും ജങ്കാർ കടന്നു ദുർഘടമായ വന പാതയിലൂടെ എട്ടു കിലോമീറ്ററിലധികം യാത്ര ചെയ്തു വേണം കുടിയിലെത്താൻ. ആരോഗ്യവകുപ്പിന്റെ കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പോസിറ്റീവ് ആയവരെ വാഹനത്തിൽ കൊണ്ടുവരുന്നത്. തുടർന്ന് ബ്ലാവന കടവിൽ ആംബുലൻസ് എത്തിച്ചു ഡിസിസികളിലേക്ക് മാറ്റുന്ന നടപടിയാണ് തുടരുന്നത്.