നെല്ലിയാമ്പതി മേഖലയിൽ കോവിഡ് വാക്സിനേഷൻ തുടരുന്നു. വാക്സിൻ ലഭ്യമാകുന്നതിനനുസൃതമായി സ്പോട്ട് രജിസ്ട്രേഷൻ മുഖേന നെല്ലിയാമ്പതി പി. എച്ച്.സി.യിലാണ് വാക്സിനേഷൻ ക്യാമ്പുകൾ നടത്തുന്നത്. ജൂൺ ഒന്ന് വരെയുള്ള കണക്കുകൾ പ്രകാരം ഒന്ന്, രണ്ട് ഡോസുകളിലായി ഇതുവരെ കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർ 1830 പേരാണ്. പട്ടികവർഗ വിഭാഗക്കാരായ 201 പേരും ഇതിൽ ഉൾപ്പെടുന്നു. മാർച്ച് മുതലാണ് നെല്ലിയാമ്പതിയിൽ വാക്സിനേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആകെ 6347 ആണ് നെല്ലിയാമ്പതിയിലെ ജനസംഖ്യ.
60 വയസിന് മുകളിലുള്ള 395 പേർ ഒന്നാം ഡോസും 157 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 45 നും 59 നും ഇടയിലുള്ള 590 പേർ ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ചപ്പോൾ ഈ വിഭാഗത്തിൽ 49 പേർ രണ്ടാം ഡോസ് സ്വീകരിച്ചിട്ടുണ്ട്. മുന്നണിപ്പോരാളികളിൽ 111 പേർ ഒന്നാം ഡോസും 143 പേർ രണ്ടാം ഡോസും വാക്സിൻ എടുത്തു. ആരോഗ്യ പ്രവർത്തകരിൽ അഞ്ച് പേരാണ് ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ചത്. 11 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്.
18-44 വിഭാഗക്കാർക്ക് ജൂൺ ഒന്ന് മുതലാണ് നെല്ലിയാമ്പതിയിൽ വാക്സിൻ വിതരണം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ മുന്നണിപ്പോരാളികളായ റാപ്പിഡ് റെസ്പോൺസ് ടീം, മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിങ്ങനെ 70 പേർ വാക്സിനെടുത്തതായും നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ആനന്ദ് അറിയിച്ചു.