ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ഫലവൃക്ഷ ഗ്രാമം പദ്ധതിക്ക് 50000 ഫലവൃക്ഷ തൈകൾ നൽകി റീച്ച് വേൾഡ്. കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് റീച്ച് വേൾഡ്. ഒരു ലക്ഷം തൈകൾ പൊതുജനങ്ങൾക്ക് നൽകുന്നതിന്റെ ഭാഗമായാണ് ജില്ലാ പഞ്ചായത്തിന് തൈകൾ നൽകിയത്. ത്രിതല പഞ്ചായത്തുകൾ, വായനശാലകൾ, ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ, പാലിയേറ്റീവ് സംഘടനകൾ,യുവജന സംഘടനകൾ, ക്ഷീര സംഘങ്ങൾ എന്നിവയുടെ സഹകരണത്തോടെ ഫലവൃക്ഷത്തൈകൾ നട്ടുവളർത്തും. പരിസ്ഥിതിദിനമായ ജൂൺ അഞ്ചിന് തുടങ്ങി ജൂലൈ അഞ്ചിന് അവസാനിക്കുന്ന രീതിയിലാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.
കാവുങ്കൽ ഗ്രാമീണ വായനശാല അങ്കണത്തിൽ നടന്ന ചടങ്ങിൽ അഡ്വ. എ.എം. ആരിഫ് എം.പി., പി.പി. ചിത്തരഞ്ജൻ എം.എൽ.എ. എന്നിവർ ചേർന്ന് റീച്ച് വേൾഡ് വൈഡ് ജില്ലാ മേധാവി എബി അലക്‌സിൽ നിന്ന് വൃക്ഷത്തൈകൾ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ. റിയാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അജിത് കുമാർ, വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സൂയ മോൾ, ഗ്രാമീണ വായനശാല പ്രസിഡന്റ് സുരേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.