ആരോഗ്യ കേരളം ആരോഗ്യ വകുപ്പ് ‘അരികെ’ സമഗ്ര പാലിയേറ്റീവ് വയോജന പരിചരണ പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ പാലിയേറ്റീവ് പരിചരണത്തിലുള്ള മുഴുവന്‍ രോഗികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ‘അരികെ വാക്‌സിന്‍’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്.
പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം തൊടുപുഴയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ. ഫിലിപ്പ് നിര്‍വഹിച്ചു. തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനിഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. എം.ജെ. ജേക്കബ്, നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ കരീം, വാര്‍ഡ് കൗണ്‍സിലര്‍മാരായ സിജി റഷീദ്, സനു കൃഷ്ണന്‍, മാത്യു ജോസഫ്, ഡെപ്യൂട്ടി ഡി.എം.ഒ. പാലിയേറ്റീവ് കെയര്‍ ജില്ലാ നോഡല്‍ ഓഫിസര്‍ ഡോ. അജി. പി. എന്‍, ഡോ.മിനി മോഹന്‍, സാമൂഹ്യ സുരക്ഷ മിഷന്‍ ജില്ലാ ഓഫീസര്‍ ബിനോയി വി.ജെ. പാലിയേറ്റീവ് കെയര്‍ എന്‍.സി.ഡി. ജില്ലാ കോര്‍ഡിനേറ്റര്‍ സിജോ വിജയന്‍, സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ സുഹറാമ്മ. പി.കെ, ജില്ലാ ആശുപത്രി പാലിയേറ്റീവ് ടീം അംഗങ്ങള്‍, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. 68 രോഗികള്‍ക്ക് ആദ്യ ദിവസം വാക്‌സിന്‍ നല്‍കിയതായി അധികൃതര്‍ പറഞ്ഞു.
25 ദിവസം കൊണ്ട് ജില്ലയില്‍ പാലിയേറ്റീവ് പരിചരണത്തിലുള്ള 12000 രോഗികള്‍ക്ക് വാക്‌സിന്‍ നല്‍കുക എന്നാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. തീരെ കിടപ്പിലായ രോഗികള്‍ക്ക് വീട്ടില്‍ ചെന്നും, പുറത്തിറങ്ങാന്‍ കഴിയുന്ന രോഗികള്‍ക്ക് അടുത്തടുത്ത സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചുമാണ് വാക്‌സിന്‍ നല്‍കുന്നത്. അതാതു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെയും സഹകരണത്തില്‍ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒരു രോഗിപോലും വിട്ടു പോകാതെ കൃത്യമായി എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനായി ജില്ലയിലെ പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍ക്ക് പരിശീലനം നല്‍കി.