ആലപ്പുഴ: 40 നും 44 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിനേഷന്‍ ലഭിക്കാന്‍ www.cowin.gov.in ല്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ഫോട്ടോ പതിച്ച ഔദ്യോഗിക തിരിച്ചറിയല്‍ രേഖ മാത്രം മതി. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി വിവിധ കേന്ദ്രങ്ങളില്‍ വാക്സിനേഷനുള്ള സൗകര്യം ലഭ്യമാണ്. എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക. അതേ സമയം 18 വയസ്സിനു മുകളില്‍ 44 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് മുന്‍ഗണനയ്ക്ക് അര്‍ഹതയുള്ളവര്‍ covid19.kerala.gov.in/vaccine എന്ന പോര്‍ട്ടലില്‍ അര്‍ഹത ലഭിക്കാനാവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യേണ്ടതാണ്. അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും വിവിധ തുറകളില്‍ ജോലി ചെയ്യുന്നവര്‍ക്കും നിലവില്‍ മുന്‍ഗണന നല്‍കുന്നുണ്ട്. 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ ആദ്യ ഡോസിനായി cowin.gov.in ല്‍ രജിസ്റ്റര്‍ ചെയ്യുക.

ആദ്യഡോസ് കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ 84 ദിവസം കഴിഞ്ഞ് 112 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കണം. കോവാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ചവര്‍ 28 ദിവസത്തിന് ശേഷം 42 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടതാണ്. രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതിനായി cowin മുഖേന വാക്സിനേഷന്‍ കേന്ദ്രവും തീയതിയും ഷെഡ്യൂള്‍ ചെയ്ത് ഉറപ്പ് വരുത്തേണ്ടതാണ്. ഓരോ വാക്സിനേഷന്‍ കേന്ദ്രങ്ങളിലേക്കുമുള്ള വാക്സിന്‍ ലഭ്യത തലേ ദിവസം ഉച്ചയ്ക്ക്ശേഷം ജില്ലാ കേന്ദ്രത്തില്‍ നിന്നും അപ്ഡേറ്റ് ചെയ്യുന്നതാണ്.