കൊല്ലം: കെ.എസ്.ആര്‍.ടി.സി ഹരിത ഇന്ധനത്തിലേക്ക് മാറ്റുന്നതിന് വകയിരുത്തിയ 300 കോടി രൂപയിലെ ആദ്യഗഡുവായ 100 കോടി ഈ വര്‍ഷം കൈമാറുമെന്ന് ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍. പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ആശ്രാമം മൈതാനത്ത് മാവിന്‍ തൈ നട്ട് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 10000 ഇ-ബൈക്കുകള്‍ക്കും 5000 ഇ-ഓട്ടോറിക്ഷകള്‍ക്കും കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ അനുവദിക്കും. പരിസ്ഥിതി സൗഹാര്‍ദ്ദ നടപടികളെ ശക്തിപ്പെടുത്തുന്നത്തിനാണിത്. ജീവിതത്തിന്റെ ഭാഗമാക്കി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കണം. നടുന്ന തൈകള്‍ കൃത്യമായി സംരക്ഷിക്കുകയും വേണമെന്ന് മന്ത്രി ഓര്‍മിപ്പിച്ചു.

കൊല്ലം കോര്‍പ്പറേഷന്റെയും സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഇരവിപുരം എം.എല്‍.എ എം. നൗഷാദ്, മേയര്‍ പ്രസന്ന ഏണെസ്റ്റ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ ഫലവൃക്ഷ തൈകള്‍ നട്ടു. ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. ഐസക്, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി.ജി. അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.