കൊച്ചി: ഹരിതകേരളം മിഷന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചേന്ദമംഗലം ഗ്രാമ പഞ്ചായത്തില്‍ നഴ്‌സറി ഉദ്ഘാടനം ചെയ്തു. രണ്ട് നഴ്‌സറികളിലായി ഇരുപതിനായിരത്തോളം തൈകളാണ് ഇവിടെ വിതരണത്തിനായി തയ്യാറായിട്ടുള്ളത്. ചേന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിത സ്റ്റാലിന്‍ നഴ്‌സറി ഉദ്ഘാടനം ചെയ്തു. നഴ്‌സറിയുടെ സാക്ഷാത്കാരത്തിനായി പ്രവര്‍ത്തിച്ച എല്ലാ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളേയും ചടങ്ങില്‍ അഭിനന്ദിച്ചു. പത്ത് പേരാണ് നഴ്‌സറിക്കായി പ്രവര്‍ത്തിച്ചത്. പേര, പതിമുഖം, തെങ്ങ്, കൂവളം, നെല്ലിക്ക, മാതളം, രക്തചന്ദനം തുടങ്ങി പതിഞ്ചോളം തരത്തിലുള്ള വൃക്ഷത്തൈകളാണ് നഴ്‌സറിയില്‍ ഉള്ളത്. മറ്റ് നഴ്‌സറികളില്‍ നിന്നും വ്യത്യസ്തമായി ചന്ദനത്തിന്റെ തൈകളും ഇവിടെ ലഭ്യമാണ്.
തൈകള്‍  ഉല്പാദിപ്പിക്കുന്ന അതേ ഉത്സാഹത്തോടെ അവയുടെ പരിപാലനവും ഏറ്റെടുക്കണമെന്ന് പരിപാടിയില്‍ പങ്കെടുത്തവരോട് പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.ജി കമലാകാന്ത പൈ പറഞ്ഞു. അടുത്ത വര്‍ഷം ഇതിലും വിപുലമായി പ്രവര്‍ത്തിക്കണമെന്നും തെങ്ങിന്‍ തൈകള്‍ മാത്രമുള്ള മറ്റൊരു നഴ്‌സറി കൂടി ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചേന്ദമംഗലം പഞ്ചായത്ത് ഓവര്‍സിയര്‍ ആശ മോഹന്റെ നേതൃത്വത്തിലണ് നഴ്‌സറിയുടെ പ്രവര്‍ത്തനം. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലേക്കും പരിസ്ഥിതി ദിനത്തിന്റെ ഭാഗമായുള്ള വിതരണത്തിനായി ഇവിടെ നിന്നുമാണ് വൃക്ഷത്തൈകള്‍ കൊണ്ടു പോകുന്നത്. ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നഴ്‌സറി തൊഴിലാളികളുടെ വക പായസ വിതരണവും നടന്നു. പറവൂര്‍ ബ്ലോക്ക് ജോയിന്റ് ബി.ഡി.ഒ എ.വി സന്തോഷ്, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടി.ആര്‍ സീമ, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, നഴ്‌സറി തൊഴിലാളികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.