എല്ലാവർക്കും എത്രയും വേഗം വാക്‌സിൻ
നൽകും: മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: എല്ലാവർക്കും എത്രയും വേഗം കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കോവിഡ് വാക്സിനേഷൻ വേഗത്തിലാക്കുന്നതിനായി ജില്ലയിലെ ഒമ്പതു നിയോജക മണ്ഡലങ്ങളിൽ ആരോഗ്യവകുപ്പ് ആരംഭിച്ച മൊബൈൽ വാക്സിനേഷൻ കേന്ദ്രം വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ജില്ല മെഡിക്കൽ ഓഫീസ് അങ്കണത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ബജറ്റിൽ 1500 കോടി രൂപ വാക്‌സിൻ വാങ്ങുന്നതിനായി മാറ്റിവച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും ഒരുമിച്ച് ചേർന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച നിലയിൽ നടത്തുകയാണ്. പ്രതിസന്ധിയെ അതിജീവിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

ഒമ്പതു വാഹനങ്ങളിലായാണ് വാക്സിനേഷൻ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. വിവിധ മണ്ഡലങ്ങളിൽ എല്ലാ ദിവസവും മൊബൈൽ വാക്‌സിനേഷൻ കേന്ദ്രത്തിന്റെ സേവനം ലഭിക്കും. മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിലെത്തി പരിശോധന നടത്തും. മൊബൈൽ വാക്സിനേഷൻ കേന്ദ്രത്തിൽ ഡോക്ടർ, നഴ്സ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നിവരുണ്ട്. ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി, ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജർ ഡോ. കെ.ആർ. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.