മലപ്പുറം: എ.എ.വൈ (മഞ്ഞ), പ്രയോറിറ്റി (പിങ്ക്), നോണ്‍ പ്രയോറിറ്റി സബ്‌സിഡി (നീല) റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്ന അനര്‍ഹരായ കാര്‍ഡുടമകള്‍ക്ക് പ്രസ്തുത കാര്‍ഡുകള്‍ ഈ മാസം 30 (2021 ജൂണ്‍ 30) വരെ പിഴ കൂടാതെ സപ്ലൈ ഓഫീസില്‍ തിരിച്ചേല്‍പ്പിക്കാവുന്നതാണെന്ന് പെരിന്തല്‍മണ്ണ താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് tsopmnaa@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

പെരിന്തല്‍മണ്ണ താലൂക്ക് സപ്ലൈ ഓഫീസിനു കീഴില്‍ ഇതുവരെ 22.71 ലക്ഷം രൂപയാണ് അനര്‍ഹമായി റേഷന്‍ കാര്‍ഡ് കൈവശം വെച്ചതിന് പിഴ ഈടാക്കിയിട്ടുള്ളത്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍, ആദായ നികുതി ഒടുക്കുന്നവര്‍, പ്രതിമാസ വരുമാനം 25,000 രൂപക്ക് മുകളില്‍ വരുമാനം ഉള്ളവര്‍ (വിദേശ ജോലിയില്‍ നിന്നോ, സ്വകാര്യ ജോലിയില്‍ നിന്നോ ഉള്ള വരുമാനം ഉള്‍പ്പെടെ), സ്വന്തമായി ഒരേക്കറിനു മുകളില്‍ ഭൂമിയുള്ളവര്‍ (പട്ടിക വര്‍ഗ്ഗക്കാര്‍ ഒഴികെ), 1000 ച.അടിക്ക് മുകളില്‍ വീടോ ഫ്‌ലാറ്റോ ഉള്ളവര്‍, നാലു ചക്ര വാഹനം സ്വന്തമായി ഉള്ളവര്‍ (ഏക ഉപജീവനമാര്‍ഗ്ഗമായ ടാക്‌സി ഒഴികെ) എന്നിവര്‍ റേഷന്‍ മുന്‍ഗണന വിഭാഗത്തില്‍ (എ.എ.വൈ, പ്രയോറിറ്റി) ഉള്‍പ്പെടുന്നതിന് യോഗ്യരല്ല. മേല്‍പ്പറഞ്ഞ ഏതെങ്കിലും

രണ്ട് അയോഗ്യതയുള്ളവര്‍ നീല കാര്‍ഡും കൈവശം വെക്കാന്‍ പാടില്ല. ജൂണ്‍ 30 ന് ശേഷം പരിശോധന കര്‍ശനമാക്കുമെന്നും ബന്ധപ്പെട്ടവര്‍ക്കെതിരെ നിനിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കുമെന്നും പെരിന്തല്‍മണ്ണ താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.