ആലപ്പുഴ: ചേർത്തല താലൂക്ക് ഓഫീസിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ചേര്‍ത്തല താലൂക്ക് തല ദുരന്തനിവാരണ മാർഗരേഖയുടെ പ്രകാശനം കളക്ടറേറ്റിൽ ജില്ലാകലക്ടര്‍ എ. അലക്സാണ്ടർ നിർവഹിച്ചു. മാർഗരേഖയുടെ കൈപ്പുസ്തകം തഹസിൽദാർ പി.ജി. രാജേന്ദ്രബാബു ജില്ലാ കളക്ടർക്ക് കൈമാറി. ദുരന്തമുഖത്ത് വിവിധ വകുപ്പുകളുടെ ഏകീകരണം സംബന്ധിച്ച മാർഗ്ഗരേഖയാണ് പുറത്തിറക്കിയത്. മാർഗരേഖ തയ്യാറാക്കുന്നതിന് മുന്നോടിയായി ദുരന്തനിവാരണത്തിൽ വിവിധ വകുപ്പുകളിലുള്ള തൊണ്ണൂറോളം പേർക്ക് പരിശീലനം താലൂക്ക് ഓഫീസിന്റെ നേതൃത്വത്തിൽ നൽകി.

ദുരന്തനിവാരണ മാർഗരേഖയിൽ അടിയന്തര ഘട്ടത്തിൽ ആരംഭിക്കേണ്ട 50 ക്യാമ്പുകളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ ക്യാമ്പിലേക്ക് ആവശ്യമായ വെൽഫെയർ ജീവനക്കാരെയും കണ്ടെത്തിയിട്ടുണ്ട്. ഓരോ ക്യാമ്പിലും പ്രവേശിപ്പിക്കാവുന്ന അംഗങ്ങളുടെ എണ്ണവും നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ താലൂക്ക് തല ദുരന്തനിവാരണവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കേണ്ട ഫോൺ നമ്പർ, അടിസ്ഥാനവിവരങ്ങള്‍ എന്നിവയും ഈ മാർഗരേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. താലൂക്ക് അടിസ്ഥാനത്തിൽ മാർഗരേഖ തയ്യാറാക്കുന്ന ആദ്യ താലൂക്കാണ് ചേർത്തല. ചടങ്ങില്‍ ഡെപ്യൂട്ടികളക്ടര്‍ സന്ധ്യ ദേവി, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ ഷൈജു പി.ജേക്കബ് എന്നിവര്‍ സംബന്ധിച്ചു.