തൃശ്ശൂർ: വേലൂര്‍ ഗ്രാമപഞ്ചായത്തിലെ കോവിഡ് സംബന്ധിച്ചുള്ള സമഗ്ര വിവരങ്ങള്‍ ഒരൊറ്റ ക്ലിക്കില്‍ അറിയാന്‍ കഴിയുന്ന കോവിഡ് ഡാഷ് ബോര്‍ഡ് സംവിധാനം രൂപപ്പെടുത്തി. 20 ദിവസത്തിനുള്ളില്‍ തന്നെ ഇത് സന്ദര്‍ശിച്ചത് പതിനായിരത്തിലേറെ പേരാണ്. പഞ്ചായത്തിലെ 17 വാര്‍ഡുകളിലേയും കോവിഡ് കണക്കുകള്‍ കൃത്യമായി നല്‍കുന്ന കോവിഡ് ഗ്രാസ് വേ എന്ന പോര്‍ട്ടല്‍ കേരളത്തിലെ ആദ്യ കേന്ദ്രീകൃത കോവിഡ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം കൂടിയാണ്. പോര്‍ട്ടലിനെ പറ്റി കേട്ടറിഞ്ഞ് ദിവസേന നൂറ്റമ്പതിലേറെ പേര്‍ ഇതില്‍ നിന്നും വിവരങ്ങള്‍ തേടുന്നുണ്ട്. പഞ്ചായത്തിലെ ആകെ കോവിഡ് ബാധിതര്‍, പോസിറ്റീവ് – നെഗറ്റീവ് കേസുകള്‍, വാക്സിന്‍ വിവരങ്ങള്‍ തുടങ്ങി കര്‍ഫ്യൂ, പ്രവേശന പാസ് സേവനങ്ങള്‍, സര്‍ക്കാര്‍ അറിയിപ്പുകള്‍, വ്യാജവാര്‍ത്തകള്‍ എന്നിങ്ങനെ ഒട്ടേറെ വിവരങ്ങള്‍ https://www.grasway.org എന്ന പോര്‍ട്ടലില്‍ നിന്ന് അറിയാം.

കോവിഡ് കാലഘട്ടത്തില്‍ വീട്ടിലകപ്പെട്ട പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ഡിജിറ്റല്‍-സാങ്കേതിക വിദ്യകള്‍ അനായാസം ഉപയോഗിക്കാന്‍ പ്രാപ്തമാക്കണമെന്നുള്ള ആഗ്രഹത്തോടെയാണ് വേലൂര്‍ ഗ്രാമത്തിലെ ഗ്രാസ്വേ സംഘടന ഡിജിറ്റല്‍ സാക്ഷരത മിഷന്‍ പദ്ധതിയുമായി മുന്നിട്ടിറങ്ങിയത്. വേലൂര്‍ ഗ്രാമ പഞ്ചായത്തും ഇതിനു പൂര്‍ണ്ണ പിന്തുണ നല്‍കി. ഐ ടി പ്രൊഫഷണലും ഗ്രാസ്വേ സജീവ പ്രവര്‍ത്തകനുമായ മനുരാജ് രാജമണികണ്ഠനാണ് കോവിഡ് പ്രതിരോധത്തിനുള്ള ഡിജിറ്റല്‍ ഡാഷ് ബോര്‍ഡ് തയ്യാറാക്കിയത്. ട്രിപ്പിള്‍ ലോക്ക്ഡൗണില്‍പ്പെട്ട വേലൂര്‍ ഗ്രാമനിവാസികള്‍ക്ക് അവശ്യസേവനങ്ങള്‍ എത്രയും വേഗം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നാല് ദിവസത്തെ അഹോരാത്രമുള്ള അധ്വാനത്താലാണ് പോര്‍ട്ടല്‍ പൂര്‍ണ്ണമായും പൂര്‍ത്തിയാക്കിയത്. യു എന്‍ ദുരന്ത പ്രത്യാഘാത നിവാരണ സമിതി തലവനായ ഡോ. മുരളി തുമ്മാരുകുടി അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് വേലൂരിലെ കോവിഡ് ഡാഷ് ബോര്‍ഡ് ഔദ്യോഗികമായി പുറത്തിറക്കിയത്.

സ്മാര്‍ട്ട് ഫോണുകളിലും ടാബ്ലെറ്റുകളിലും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലുള്ള റെസ്പോണ്‍സീവ് ആയ ഡിസൈനില്‍ പൂര്‍ണ്ണമായും മലയാളത്തിലാണ് പോര്‍ട്ടല്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഈ പോര്‍ട്ടല്‍ സ്മാര്‍ട്ട്ഫോണുകളില്‍ എളുപ്പത്തില്‍ ലഭിക്കുവാന്‍ വേണ്ടി ഒരു ആന്‍ഡ്രോയിഡ് ആപ്പ് നിര്‍മ്മിക്കാനും മനുരാജിന് പദ്ധതിയുണ്ട്. പോര്‍ട്ടലിന്‍റെ ഡാറ്റാബേസ് നിര്‍മ്മിക്കാന്‍ പ്രാദേശിക വിവരശേഖരണം നടത്തിയത് ഗ്രാസ്വേ അംഗങ്ങള്‍ ആയ അഖിന്‍ഷാ, ആന്‍റു, ആസ്യ, നിജോ, രാം പാണ്ഡെ, ശകേഷ്, ശരത്ത്, സ്നേഹ, സ്റ്റെജി എന്നീ 9 പേരടങ്ങുന്ന ടീമാണ്.

കോവിഡ് ഡാഷ് ബോര്‍ഡിലൂടെ കോവിഡ് പോസിറ്റിവിറ്റി നിരക്കും മറ്റു വിവരങ്ങളും വാര്‍ഡ് തിരിച്ച് ലഭിക്കും. കോവിഡ് ഹെല്‍പ് ഡെസ്ക്, കണ്‍ട്രോള്‍ റൂം തുടങ്ങിയവയുടെ വിവരങ്ങളും എമര്‍ജന്‍സി നമ്പറുകള്‍, വാര്‍ഡ് തിരിച്ചുള്ള – ആശാ വര്‍ക്കര്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, ആര്‍ ആര്‍ ടി മെമ്പര്‍മാര്‍, അടുത്തുള്ള ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, കോവിഡ് കാലത്ത് സേവനം നല്‍കുന്ന ടാക്സികള്‍, ലബോറട്ടറികള്‍, പള്‍സ് ഓക്സിമീറ്റര്‍ പോലുള്ള ആരോഗ്യ ഉപകരണങ്ങള്‍ ലഭ്യമാകുന്ന വിവരങ്ങള്‍, ടെലി കൗണ്‍സലിംഗ് തുടങ്ങിയവയും വേലൂരിന്‍റെ ഈ കോവിഡ് പോര്‍ട്ടലില്‍ ലഭ്യമാണ്. ഗ്രാമപഞ്ചായത്ത് തലത്തിലുള്ള അറിയിപ്പുകളും ആവശ്യങ്ങളും ഇതില്‍ നിന്നറിയാം.

കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് വേലൂര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വാക്സിന്‍ ലഭ്യമാണോ എന്ന് വളരെ എളുപ്പത്തില്‍ പരിശോധിക്കാനുള്ള സംവിധാനവും വാക്സിനേഷന് വേണ്ടി എങ്ങനെ രജിസ്റ്റര്‍ ചെയ്യണം, ആര്‍ക്കൊക്കെ ചെയ്യാം, എന്തൊക്കെയാണ് മാനദണ്ഡങ്ങള്‍ തുടങ്ങിയ വിവരങ്ങളും ഇതിലൂടെ ലഭ്യമാണ്. കോവിഡ് കാലത്ത് അറിഞ്ഞിരിക്കേണ്ട വിവരങ്ങളും വ്യാജ വാര്‍ത്തകളെ തിരിച്ചറിയേണ്ട രീതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രി/ എമര്‍ജന്‍സി യാത്രകള്‍ക്ക് വേണ്ടിയുള്ള ഇ-പാസ്സിന് വേണ്ടി അപേക്ഷിക്കാനുള്ളതും സത്യവാങ്മൂലത്തിന്‍റെ മാതൃക നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നതുമായ ലിങ്കുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനോടപ്പം കോവിഡ് തരംഗ സാഹചര്യത്തില്‍ പട്ടിണിയിലായവരെ സഹായിക്കാനായി ‘പ്രൊജക്റ്റ് ഹാപ്പിനെസ്സ്’ എന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ഇതിലേക്കുള്ള വിവരങ്ങള്‍ പോര്‍ട്ടല്‍ വഴി നല്‍കാവുന്നതാണ്.