ഒരു കുടുംബത്തിൽ ഒരു സർക്കാർ ജോലി ഉറപ്പാക്കാനുള്ള കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ കരിയർ കഞ്ഞിക്കുഴി പദ്ധതി മാതൃകാപരമാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. അഞ്ചുവർഷം കൊണ്ട് പഞ്ചായത്തിലെ എല്ലാ കുടുംബങ്ങളിലെയും ഒരാൾ ക്കെങ്കിലും സർക്കാർ ജോലി ലഭ്യമാക്കാൻ ഉദ്യോഗാർത്ഥികളെ പ്രാപ്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഇതിനായി ഉദ്യോഗാർത്ഥികൾക്ക് സൗജന്യവും സമഗ്രവുമായ പരീക്ഷാ പരിശീലനമൊരുക്കുകയാണ് പഞ്ചായത്ത്. യു.പി.എസ്.സിയും പി.എസ്.സി യും മറ്റ് കേന്ദ്രസംസ്ഥാന ഏജൻസികളും നടത്തുന്ന മത്സര പരീക്ഷകളിൽ മികവുറ്റ പ്രകടനം കാഴ്ചവയ്ക്കാൻ വിപുലമായ പരിശീലന സൗകര്യങ്ങളാണ് ഉദ്യോഗാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ളത്.

പഞ്ചായത്തിലെ 18 വാർഡുകളിലും വാട്സാപ്പ് ഗ്രൂപ്പുകൾ തയ്യാറാക്കിക്കൊണ്ട് കോവിഡ് സാഹചര്യത്തിൽ ഓൺലൈനായാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. 1500ലധികം ഉദ്യോഗാർത്ഥികളെ പദ്ധതിയിലേക്ക് രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.

ജനപ്രതിനിധികളുടെയും റിട്ട. സർക്കാർ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള അക്കാദമിക് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ വിദഗ്ദ്ധരായ അധ്യാപകർ ക്ലാസുകൾ കൈകാര്യം ചെയ്യുമ്പോൾ ഏറ്റവും മികച്ച പരിശീലനമാണ് ലഭിക്കുക.
ജൈവകൃഷിയിലൂടെയും മടങ്ങിയെത്തുന്ന പ്രവാസികൾക്കുള്ള കാർഷിക പദ്ധതികളിലൂടെയും നിർധന വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ ലഭ്യമാക്കിയതിലൂടെയും ശ്രദ്ധേയമായ ഇടപെടൽ നടത്തിയ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ പുതിയ ഉദ്യമം മറ്റ് തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് അനുകരിക്കാവുന്ന മാതൃകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.