എറണാകുളം: കോവിഡ് പ്രതിരോധ വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ച് നിശ്ചിത ദിവസം കഴിഞ്ഞവർക്ക് രണ്ടാം ഡോസ് വാക്സിന്‍ നല്‍കുന്നതിനായി പ്രത്യേക സ്പോട്ട് വാക്സിനേഷന്‍ സൗകര്യം അനുവദിക്കും. കോവാക്സീന്‍ ആദ്യ ഡോസ് സ്വീകരിച്ച് 42 ദിവസം കഴിഞ്ഞവര്‍ക്കും കോവിഷീല്‍ഡ് ആദ്യ ഡോസ് സ്വീകരിച്ച് 112 ദിവസം കഴിഞ്ഞവര്‍ക്കുമാണ് പ്രത്യേക പരിഗണന നല്‍കുന്നത്.

ഇവര്‍ അടുത്തുള്ള വാക്സിനേഷന്‍ കേന്ദ്രത്തില്‍ ആധാര്‍ കാര്‍‍ഡ്, ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചതിന്‍റെ രേഖ എന്നിവയുമായി എത്തണം. ഇവർക്കായി വാക്സിനേഷന്‍ കേന്ദ്രത്തില്‍ 20 ശതമാനം സ്പോട്ട് വാക്സിനേഷന്‍ അനുവദിക്കുമെന്ന് ജില്ലയിലെ വാക്സിനേഷന്‍ നോഡല്‍ ഓഫീസര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ അറിയിച്ചു.
സഞ്ചരിക്കുന്ന കോവിഡ് പരിശോധനാ സംഘങ്ങളുടെ സേവനം വാക്സിനേഷന്‍ കേന്ദ്രങ്ങളിലും ലഭ്യമാക്കുന്നതിന് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.

ജില്ലയിലെ മുന്‍സിപ്പാലിറ്റികളിലെ കോവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിനായി പ്രത്യേക യോഗം ചേരും. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കൊച്ചി മേയർ എം. അനിൽകുമാർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.