എറണാകുളം: മാനസിക രോഗിയായ മകളുടെ ശാരീരിക പീഢനങ്ങളാൽ ദുരിതമനുഭവിച്ച വൃദ്ധക്ക് സ്നേഹിതയുടെ സഹായ ഹസ്തം. കുടുംബശ്രീ സ്നേഹിതാ ജൻഡർ ഹെൽപ് ഡെസ്കിൻ്റെ സഹായത്താൽ മകൾക്ക് ചികിത്സയും വൃദ്ധക്ക് സുരക്ഷിത ജീവിതവും ലഭിച്ചു.

കവളങ്ങാട് പഞ്ചായത്ത് ഊന്നു കൽ ആറാം വാർഡിൽ ഏലിക്കുട്ടി ജോണിനാണ് സ്നേഹിതയിലൂടെ ആശ്വാസം ലഭിച്ചത്. ചികിത്സ ലഭിക്കാതെ അസുഖം കൂടിയതുമൂലം മകളുടെ ഉപദ്രവവും സാമ്പത്തിക പ്രശ്നങ്ങളും കൊണ്ട് ബുദ്ധിമുട്ടുകയായിരുന്നു ഇവർ.
ഏലിക്കുട്ടിയുടെ മകൾ വർഷങ്ങളായി മാനസിക രോഗിയാണ്. 12 വയസ്സുള്ള ഒരു മകളുമുണ്ട്.

പഞ്ചായത്തിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ഇടയ്ക്കു ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സിച്ചിരുന്നു. എന്നാൽ ലോക് ഡൗണിനെ തുടർന്ന് ചികിത്സ മുടങ്ങിയതോടെ രോഗം കൂടി. ഏലിക്കുട്ടിയേയും സ്വന്തം മകളെയും ഉപദ്രവിക്കുന്ന സ്ഥിതി വരെയായി. നേരാംവണ്ണം ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിയാതെ 12 വയസുള്ള കൊച്ചു മകളെയും ചേർത്തുപിടിച്ച് ഏലിക്കുട്ടി മാനസികരോഗിയായ മകൾക്ക് കൂട്ടിരിക്കുകയായിരുന്നു.

“കയ്യെത്തും ദൂരത്ത് കരുതലായി സ്നേഹിത” പദ്ധതി പ്രകാരം ജില്ലയിലെ അയൽക്കൂട്ടങ്ങളെ ഫോൺ മുഖാന്തിരം പ്രവർത്തകർ നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു.
കോവിഡ് പ്രതിരോധത്തിന് സജ്ജമാക്കുന്നതിനും കൗൺസിലിങ്ങുമായിരുന്നു ലക്ഷ്യം. ഏലിക്കുട്ടിയുടെ അയൽക്കാരിയാണ് ഇവരുടെ ദയനീയ അവസ്ഥയെ കുറിച്ചു ‘സ്നേഹിത’യെ അറിയിക്കുന്നത്. സ്നേഹിതയുടെ ഇടപെടൽമൂലം പഞ്ചായത്ത് പ്രസിഡണ്ട് സൈജന്റ്, കുടുംബശ്രീ ചെയർപേഴ്സൺ രശ്മി എന്നിവർ സ്ഥലം സന്ദർശിക്കുകയും കുടുംബത്തിന് ആവശ്യമായ ഭക്ഷ്യ കിറ്റുകൾ നൽകുകയും ചെയ്തു.

രോഗിയായ മകളെ തൃശൂരിലുള്ള സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റാനായി ഊന്നുകൽ പോലീസിനെയും പഞ്ചായത്തിനെയും സമീപിച്ചു. തുടർന്ന് ഇവരുടെ സഹായത്തോടെ തൃശ്ശൂർ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. തുടർ ചികിത്സയും സ്നേഹിതയുടെ നേതൃത്വത്തിൽ നൽകും.
ഇത്തരത്തിൽ നിരവധി ജീവിതങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള ശ്രമത്തിലാണ് ലോക്ക് ഡൗണിൽ കുടുംബശ്രീ സ്നേഹിതാ പ്രവർത്തകർ.

ഓൺലൈൻ പഠന സമ്മർദങ്ങളും ഗാർഹിക പീഡനങ്ങളും കോവിഡ് സംബന്ധിക്കുന്ന പ്രശ്നങ്ങളുമായി നിരവധി ഫോൺ കോളുകളാണ് സ്നേഹിതയിലേക്ക് വരുന്നത്. ആളുകളുടെ പ്രശ്നങ്ങൾക്ക് പ്രത്യേകിച്ച് സ്ത്രീകളുടെയും- കുട്ടികളുടെയും പരിഹാരവുമായി 24 മണിക്കൂറും 365 ദിവസവും സ്നേഹിത ഹെൽപ്പ് ഡെസ്ക് കാക്കനാട്ടുള്ള ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു.

വിളിക്കേണ്ട നമ്പർ :
180042555678
8594034255.