ആലപ്പുഴ: ലോക്ക്ഡൗൺ കാലത്ത് അതിഥി തൊഴിലാളികൾക്ക് കൈത്താങ്ങേകി തൊഴിൽ വകുപ്പ്. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഇതുവരെ 12,332 അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. ഇതുവരെ 12,537 അതിഥി തൊഴിലാളികളുടെ വിവരങ്ങളാണ് ശേഖരിച്ചിട്ടുള്ളത്.

അഞ്ചു കിലോ അരി, കടല, ആട്ട, സൺഫ്ളവർ ഓയിൽ, ഉപ്പ്, സവാള, കിഴങ്ങ്, തുവര പരിപ്പ്, മുളകുപൊടി, അഞ്ചു മാസ്‌ക് തുടങ്ങി 10 ഇനം ആവശ്യസാധനങ്ങളടങ്ങുന്നതാണ് കിറ്റ്. ജില്ലാ ഭരണകൂടം, സപ്ലൈക്കോ എന്നിവരുടെ സഹകരണത്തോടെയാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. അതിഥി തൊഴിലാളികളുടെ വിവര ശേഖരണവും കിറ്റ് വിതരണവും തുടരുകയാണ്.

തൊഴിലാളികൾക്കിടയിൽ കോവിഡ് പരിശോധന നടത്തി കോവിഡ് വൈറസ് ബാധ കണ്ടെത്തുന്നവർക്ക് ചികിത്സ നൽകാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അരൂർ ഗ്രാമപഞ്ചായത്തിലെ ചന്തിരൂരിൽ അതിഥി തൊഴിലാളികൾ ജോലി ചെയ്യുന്ന കമ്പനിയിൽ പരിശോധന നടത്തി. മറ്റുള്ള സ്ഥലങ്ങളിലും പരിശോധന പുരോഗമിക്കുകയാണെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) എം.എസ് വേണുഗോപാൽ അറിയിച്ചു.