കാസർഗോഡ്: മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ പഠനത്തിന് പ്രയാസപ്പെടുന്ന വിദ്യാർഥികളുടെ പ്രശ്‌നം പരിഹരിക്കാൻ മൊബൈൽ ഫോൺ ചലഞ്ചുമായി ചെങ്കള പഞ്ചായത്ത് ഭരണസമിതി. പ്രാഥമിക കണക്കെടുപ്പിൽ പഞ്ചായത്ത് പരിധിയിൽ 194 കുട്ടികൾ മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ ബുദ്ധിമുട്ടുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്‌കൂൾ അധ്യാപകരുടെ സഹായത്തോടെ വിവരശേഖരണം നടന്നു വരുന്നുണ്ട്. 250ഓളം വിദ്യാർഥികൾക്കെങ്കിലും സ്മാർട്ട് ഫോണുകൾ വേണ്ടി വരുമെന്നാണ് പഞ്ചായത്ത് ഭരണസമിതി വിലയിരുത്തൽ.

കുട്ടികൾക്ക് സ്മാർട് ഫോൺ അല്ലെങ്കിൽ ഐ പാഡ് നൽകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ പറഞ്ഞു. കഴിഞ്ഞ തവണ വിക്ടേഴ്സ് ചാനലിലെ ക്ലാസിനെ മാത്രം ആശ്രയിച്ചിരുന്നതെങ്കിൽ ഇത്തവണ പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയതാണ് കുട്ടികളെ കുഴക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി കുട്ടികളുണ്ടെന്നും അവർ പ്രയാസത്തിലാണെന്നും മനസ്സിലാക്കിയാണ് ഇങ്ങനെയൊരു ചാലഞ്ച് പൊതു സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ ആദ്യ സംഭാവന നൽകി മൊബൈൽ ഫോൺ ചാലഞ്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, പഞ്ചായത്ത് പരിധിയിലെ അധ്യാപകർ, ഇതര സർക്കാർ ജീവനക്കാർ, പൊതുപ്രവർത്തകർ, സന്നദ്ധ സംഘടനകൾ എന്നിവർ ചാലഞ്ചിന്റെ ഭാഗമാകും.