തൃശ്ശൂർ:     കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളും പച്ചക്കറികളും കാന്‍റീന്‍, കാറ്ററിങ് യൂണിറ്റുകളിലെ ഭക്ഷ്യവിഭവങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനുളള ഓണ്‍ലൈന്‍ വിപണന സംവിധാനമായ ‘അന്നശ്രീ’ ആപ്പിന്‍റെ ഉദ്ഘാടനം തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ. വര്‍ഗീസ് നിര്‍വഹിച്ചു.

ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ജ്യോതിഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യക്ഷേമ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാര്‍ പി.കെ. ഷാജന്‍ മുഖ്യാതിഥിയായിരുന്നു. കോവിഡ് കാലഘട്ടത്തില്‍ ഉപജീവനത്തോടൊപ്പം അതിജീവനവും ലക്ഷ്യംവെക്കുന്ന അന്നശ്രീ ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്യുന്ന ഉത്പന്നങ്ങളും ഭക്ഷണങ്ങളും വീടുകളില്‍ എത്തിക്കും. കുടുംബശ്രീ സംരംഭകര്‍ക്ക് സുസ്ഥിര വിപണി ഉറപ്പുവരുത്തി അതുവഴി കൂടുതല്‍ വരുമാനം ഉറപ്പുവരുത്തുവാനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും സാധിക്കും.

കോര്‍പ്പറേഷന്‍ പരിധിയിലെ സംരംഭകരെയും ജില്ലാതലത്തിലുളള സംരംഭകരെയും ഉള്‍പ്പെടുത്തി ജില്ലാമിഷന് കീഴിലുളള യുവശ്രീ സംരംഭമായ ഐഫ്രം ആണ് ആപ്പ് രൂപകല്‍പ്പന ചെയ്ത് സാങ്കേതിക, മാര്‍ക്കറ്റിങ് പിന്തുണ നല്‍കുന്നത്. തൃശൂര്‍ കോര്‍പ്പറേഷന്‍ മെമ്പര്‍ സെക്രട്ടറി ബിന്നു പി.ബി സ്വാഗതവും സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സുലോചന ഗോപിനാഥ് നന്ദിയും അറിയിച്ചു.