കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഓക്‌സിജന്‍ ജനറേറ്റര്‍ സ്ഥാപിച്ചു. ഇറ്റലിയില്‍ നിന്ന് ഇറക്കുമതി ചെയ്ത മിനിറ്റില്‍ 230 ലിറ്റര്‍ ഓക്‌സിജന്‍ ഉത്പാദനശേഷിയുള്ള മെഷീനാണ് സ്ഥാപിച്ചത്. പുനലൂര്‍ നഗരസഭയുടെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ച് അടിയന്തര പ്രാധാന്യം നല്‍കിയാണ് ടെന്‍ഡര്‍ നടപടികളും ജനറേറ്റര്‍ സ്ഥാപിക്കുന്ന ജോലികളും പൂര്‍ത്തിയാക്കിയത്. നിലവില്‍ മിനിറ്റില്‍ 100 ലിറ്റര്‍ ഓക്‌സിജന്‍ ഉല്പാദനക്ഷമതയുള്ള ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ ജനറേറ്റര്‍ വരുന്നതോടെ ഓക്‌സിജന്‍ ലഭ്യത മിനിറ്റില്‍ 330 ലിറ്റര്‍ ആയി ഉയരുമെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ഷാഹിര്‍ഷാ പറഞ്ഞു.
ജൂണ്‍ 14 മുതല്‍ സി.ടി. സ്‌കാന്‍ പ്രവര്‍ത്തനമാരംഭിക്കും. നവജാത ശിശുക്കള്‍ക്കുള്ള ഐ.സി.യുവിന്റെ പ്രവര്‍ത്തനം ജൂണ്‍ 16 ന് ആരംഭിക്കും. കോവിഡ് രോഗികള്‍, എച്ച്.ഐ.വി ബാധിതര്‍, ഹെപ്പിറ്റൈറ്റസ് രോഗികള്‍ എന്നിവര്‍ക്കായി രണ്ട് ഡയാലിസിസ് മെഷീന്‍ കൂടി വാങ്ങാന്‍ പി. എസ്. സുപാല്‍ എം.എല്‍.എ പങ്കെടുത്ത ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്മി ഏബ്രഹാം അധ്യക്ഷയായി.
തലവൂര്‍ ഗ്രാമപഞ്ചായത്തിലെ കോവിഡ് രോഗികള്‍ക്ക് ആയുര്‍വേദ ഡോക്ടര്‍മാരുമായി നേരിട്ട് സംസാരിക്കുന്നതിനും മരുന്നുകളുടെ വിതരണത്തിനുമായി ഡോക്ടര്‍മാര്‍, പഞ്ചായത്ത് അധികൃതര്‍, വാര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതായി പ്രസിഡന്റ് വി.എസ്. കലാദേവി പറഞ്ഞു. കിടപ്പ് രോഗികള്‍ക്കുള്ള വാക്‌സിന്‍ വിതരണം മൂന്ന് വാര്‍ഡുകളില്‍ പൂര്‍ത്തിയായി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ആശാവര്‍ക്കര്‍, പാലിയേറ്റീവ് കെയര്‍ നഴ്‌സ് എന്നിവരുള്‍പ്പെട്ട സംഘം വീട്ടിലെത്തിയാണ് വാക്‌സിന്‍ നല്‍കുന്നത്.