എറണാകുളം: കളമശ്ശേരി മെഡിക്കൽ കോളേജിൽ ഈ മാസം 25-ാം തീയതി മുതൽ കോവിഡിതര രോഗികൾക്ക് ചികിത്സ ആരംഭിക്കാൻ നടപടി സ്വീകരിക്കും. കോവിഡ് തീവ്രപരിചരണ വിഭാഗം മെഡിക്കൽ കോളേജിൽ തുടരും. മറ്റ് രോഗികളെ ബി.പി.സി.എല്ലിൽ തയ്യാറാക്കിയ താത്കാലിക ഗവ. കോവിഡ് ആശുപത്രി അടക്കം വിവിധ ആശുപത്രികളിലേക്ക് മാറ്റും.
കോവിഡനന്തര ചികിത്സക്കായി ജില്ലയിൽ 128 ക്ലിനിക്കുകൾ സജ്ജമാക്കും. താലൂക്ക് ആശുപത്രികളിൽ കോവിഡനന്തര രോഗികൾക്കായി പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കും.

കൊച്ചി നഗരസഭയിലെ എല്ലാ ഡിവിഷനുകളെയും കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയതായി ആരോഗ്യ വകുപ്പ് അധികൃതർ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ അറിയിച്ചു. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കൊച്ചി മേയർ എം. അനിൽകുമാർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.