എറണാകുളം: പെരുമ്പാവൂര്‍ കുറുപ്പംപടി പുന്നയത്ത് കുളിമുറിയില്‍ അന്തിയുറങ്ങിക്കഴിയേണ്ടിവന്ന എണ്‍പതുകാരിയുടെ രക്ഷയ്ക്ക് വനിതാ കമ്മിഷന്‍ ഇടപെട്ടു. ഇതുസംബന്ധിച്ച വിവരം ലഭിച്ചയുടന്‍ സാറാമ്മയെ സന്ദര്‍ശിച്ച വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്കും മൂവാറ്റുപുഴ ആര്‍ഡിഒയ്ക്കും കുന്നത്തുനാട് സ്റ്റേഷന്‍ എസ്എച്ച്ഒയ്ക്കും വേണ്ട നിര്‍ദേശം നല്‍കി.

ഷെല്‍റ്റര്‍ ഹോമിലേക്ക് താമസം മാറാന്‍ കമ്മിഷന്‍ അംഗം പരമാവധി നിര്‍ബന്ധിച്ചെങ്കിലും അതിനു തയാറാകാതെ ഈ മണ്ണില്‍തന്നെ താമസിക്കാന്‍ മകന്‍ സൗകര്യമൊരുക്കണമെന്നായിരുന്നു അവരുടെ ആവശ്യം. രണ്ട് മാസത്തേക്ക് താത്കാലികമെന്ന് പറഞ്ഞ് വൃദ്ധസദനത്തില്‍ താമസിപ്പിച്ചശേഷം സ്ഥലത്തുണ്ടായിരുന്ന വീട് ഇടിച്ചുകളയുകയായിരുന്നുവെന്ന് അവര്‍ പരാതിപ്പെട്ടു. വൃദ്ധസദനത്തില്‍ താമസിക്കാന്‍ ഇഷ്ടപ്പെടാതെ ഇപ്പോഴത്തെ സ്ഥലത്ത് താമസിച്ചുവരുന്ന അവര്‍ക്ക് മകന്‍ താമസസൗകര്യം ഉള്‍പ്പെടെ ചെലവിനു തരണമെന്നാണ് ആഗ്രമെന്ന് കമ്മിഷനോടു പറഞ്ഞു. തന്റെ സംരക്ഷണം മകന്‍ ഏറ്റെടുക്കണമെന്ന അവരുടെ ആഗ്രഹം പരിഗണിച്ച് വിദേശത്തുള്ള മകനുമായി ബന്ധപ്പെട്ട് അതിനുള്ള നടപടി സ്വീകരിക്കണമെന്ന് അധികൃതര്‍ക്ക് കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി നിര്‍ദേശം നല്‍കി.

വൃദ്ധയ്ക്ക് വേണ്ട സംരക്ഷണം കൊടുക്കാനും ഭക്ഷണവും മരുന്നും കൃത്യമായി എത്തിക്കാനും വേങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റിനെ ചുമതലപ്പെടുത്തി. വേങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്തംഗം, വാര്‍ഡ് മെമ്പര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

ക്യാപ്ഷന്‍: പെരുമ്പാവൂര്‍ കുറുപ്പംപടി പുന്നയത്ത് കുളിമുറിയില്‍ അന്തിയുറങ്ങിക്കഴിയേണ്ടിവന്ന സാറാമ്മയെ സന്ദര്‍ശിച്ച വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി ഫോണില്‍ ആര്‍ഡിഒയ്ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നു.

ഫ്‌ളാറ്റിലെ പീഡനം; പ്രതിയെ പിടികൂടിയ
പൊലീസിന് വനിതാ കമ്മിഷന്റെ അഭിനന്ദനം

കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ വനിതാ കമ്മിഷന്റെ ഇടപെടലിനെത്തുടര്‍ന്ന് 48 മണിക്കൂറിനകം പിടികൂടിയ പൊലീസിനെ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ അഭിനന്ദിച്ചു. എന്നാല്‍ സ്ത്രീകള്‍ക്കെതിരായ പരാതികള്‍ അന്വേഷിക്കുന്നതില്‍ പൊലീസ് അലംഭാവം കാണിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് അധ്യക്ഷ ഓര്‍മിപ്പിച്ചു. സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ വൈകിയതില്‍ പൊലീസിന് ശ്രദ്ധക്കുറവാണ്ടായെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ എച്ച്.നാഗരാജു മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടിരുന്നു.