കൊല്ലം: കോവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി 15 നു മുകളില്‍ പ്രതിവാര കോവിഡ് വ്യാപന നിരക്കുള്ള തദ്ദേശസ്ഥാപന പരിധികളില്‍ വീടുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണവും പ്രതിരോധ ഇടപെടലുകളും ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തിലാണ് അറിയിപ്പ്. പോലീസ്- ആരോഗ്യവകുപ്പ്-തദ്ദേശ സ്ഥാപന അധികാരികള്‍ അടങ്ങുന്ന സംഘത്തിനാണ് പ്രവര്‍ത്തനങ്ങളുടെ ചുമതല.
രോഗവ്യാപന നിരക്ക് കുറയ്ക്കുന്നതിന് പരിശോധനകളും നിരീക്ഷണങ്ങളും ശക്തിപ്പെടുത്തും.

ജൂണ്‍ 16 ന് ശേഷം പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് വാക്‌സിനേഷന് മുന്‍ഗണന നല്‍കും. ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ കുട്ടികളുടെ ചികിത്സയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തണം, കലക്ടര്‍ വ്യക്തമാക്കി.
സിറ്റി പോലീസ് കമ്മീഷണര്‍ ടി.നാരായണന്‍, റൂറല്‍ പോലീസ് മേധാവി കെ.ബി. രവി, ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ്, അസിസ്റ്റന്റ് കലക്ടര്‍ ഡോ. അരുണ്‍ എസ്.നായര്‍, എ.ഡി.എം. ടിറ്റി ആനി ജോര്‍ജ്, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.