തിരുവനന്തപുരം: ജില്ലയിലെ വില്ലേജ് ഓഫിസുകളുടെ നവീകരണ പ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തിയാക്കുമെന്നു ജില്ലാ കളക്ടർ ഡോ.നവ്ജോത് ഖോസ. സ്മാർട്ട് വില്ലേജ് ഓഫിസുകളുമായി ബന്ധപ്പെട്ടു കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണു കളക്ടർ ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷങ്ങളിലായി വിവിധ പദ്ധതികളിൽപ്പെടുത്തി നിർമിച്ച സ്മാർട്ട് വില്ലേജ് ഓഫിസുകൾ യോഗത്തിൽ കളക്ടർ വിലയിരുത്തി. നിർമാണം പുരോഗമിക്കുന്ന എല്ലാ സ്മാർട്ട് വില്ലേജ് ഓഫിസുകളും അടിയന്തരമായി പൂർത്തിയാക്കാൻ തഹസിൽദാർമാർക്കു കളക്ടർ നിർദേശം നൽകി. കുടവൂർ, മടവൂർ, വിളപ്പിൽ, വക്കം, വിതുര വില്ലേജ് ഓഫിസുകളുടെ നിർമാണം 95 ശതമാനം പൂർത്തിയായതായി തഹസിൽദാർമാർ അറിയിച്ചു. അയിരൂർ, പേട്ട, ഉള്ളൂർ, നെടുമങ്ങാട് വില്ലേജ് ഓഫിസുകളെ താത്കാലികമായി മറ്റൊരു സ്ഥലത്തേക്കു മാറ്റി നിർമാണ പ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തിയാക്കണമെന്നും കളക്ടർ നിർദേശം നൽകി.
റീബിൾഡ് കേരളയിൽപ്പെടുത്തി ജില്ലയിലെ 30 വില്ലേജ് ഓഫിസുകളെ സ്മാർട്ടാക്കാൻ സംസ്ഥാന സർക്കാരിൽനിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. സംസ്ഥാന നിർമിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല. ഇതിൽ അഞ്ചു വില്ലേജ് ഓഫിസുകളുടെ നിർമാണം പ്രാരംഭഘട്ടത്തിലാണ്. ബാക്കിയുള്ളവ പഴയ കെട്ടിടം പൊളിച്ചു മാറ്റി പുതിയത് നിർമിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദേശം നൽകി.
കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷൻ നവീകരണത്തിനായി ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിനാണു നിർമാണ ചുമതല. നെടുമങ്ങാട് റവന്യു ഡിവിഷണൽ ഓഫിസ്, തിരുവനന്തപുരം താലൂക്ക് ഓഫിസ് എന്നിവയുടെ കെട്ടിട നിർമാണത്തിനായി സർക്കാർ തലത്തിൽ നടപടികൾ ആരംഭിച്ചു. സബ് കളക്ടർമാരായ എം.എസ്. മാധവിക്കുട്ടി, ചേതൻ കുമാർ മീണ, അസിസ്റ്റന്റ് കളക്ടർ ശ്വേത നാഗർകോട്ടി, എഡിഎം ടി.ജി. ഗോപകുമാർ, എൽ.ആർ. ഡെപൂട്ടി കളക്ടർ ടി.എസ്. ജയശ്രീ, തഹസിൽദാർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.