തിരുവനന്തപുരം: ജില്ലയിൽ ചിക്കുൻഗുനിയ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കൊതുക് നിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നു കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. കൊതുക് പെരുകാൻ സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.
ഈഡിസ് വിഭാഗം കൊതുകുകളാണു ചിക്കൻഗുനിയയ്ക്കും ഡെങ്കിപ്പനിക്കും കാരണം. ഇവ വളരെ കുറച്ചു ജലത്തിൽപ്പോലും മുട്ടയിട്ടു പെരുകും. അതിനാൽ വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുളള എല്ലാ വസ്തുക്കളും വീടിന്റെ പരിസരത്ത് നിന്ന് ഒഴിവാക്കണം. പൊട്ടിയ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഉപയോഗിക്കാത്ത പാത്രങ്ങൾ, ടയർ, ചിരട്ടകൾ തുടങ്ങിയവ വൃത്തിയാക്കി വെള്ളം വീഴാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കണം. ചെടിച്ചട്ടികളുടെ അടിയിലെ ട്രേ, ടെറസ്, സൺ ഷെഡ്, കട്ടി കൂടിയ ഇലകൾ എന്നിവയിലും വെള്ളം കെട്ടി നിൽക്കാതെ നോക്കണം. എ.സിയിലെ വെള്ളം വീഴുന്ന ട്രേ, ഫ്രിഡ്ജിന്റെ പിറകിലെ ട്രേ, മണി പ്ലാന്റ് വച്ചിരിക്കുന്ന പാത്രം തുടങ്ങിയവയിലെ വെള്ളം ഇടയ്ക്കിടെ മാറ്റി വൃത്തിയാക്കി സൂക്ഷിക്കണം. ഉപയോഗിക്കാതെ കിടക്കുന്ന ക്ലോസറ്റുകൾ ഇടയ്ക്ക് ഫ്‌ളഷ് ചെയ്യണം.
പനി, സന്ധി വേദന, പേശി വേദന, തലവേദന എന്നിവയാണു ചിക്കുൻഗുനിയ ലക്ഷണങ്ങൾ. പനി, കടുത്ത തലവേദന, ശരീരവേദന, സന്ധി വേദന, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി, ചർമ്മത്തിലെ തിണർപ്പ് എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. ഇവ ഉണ്ടായാൽ സ്വയം ചികിത്സ ചെയ്യരുത്. ഈ- സഞ്ജീവനിയിലൂടെ ചികിത്സ തേടാം.
ലോക്കഡൗൺ കാലത്ത് കോവിഡ് ജാഗ്രതയ്ക്കൊപ്പം കൊതുകിന്റെ ഉറവിടനശീകരണ പ്രവർത്തനം കൂടി ശക്തിപ്പെടുത്തണം. കൂടാതെ കൊതുക് കടി ഏൽക്കാതിരിക്കാൻ ലേപനങ്ങൾ പുരട്ടുക, ശരീരം പൂർണ്ണമായും മറയ്ക്കുന്ന ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക, പകൽ ഉറങ്ങുമ്പോഴും കൊതുക് വല ഉപയോഗിക്കുക തുടങ്ങിയ വ്യക്തിഗത പ്രതിരോധ മാർഗങ്ങളും സ്വീകരിക്കണമെന്നു കളക്ടർ അഭ്യർഥിച്ചു.