മഴക്കാലം തുടങ്ങുന്നതോടെ ജലജന്യ കൊതുക്, ജന്യരോഗങ്ങള്‍ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ അടിയന്തര പ്രാധാന്യത്തോടെ  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. മഴ തുടങ്ങിയതോടെ ജില്ലയുടെ പലഭാഗങ്ങളിലും ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് മുന്‍കരുതല്‍ നിര്‍ദേശം. ജില്ലയിലെ ഭൂരിഭാഗം ആശുപത്രികളും കോവിഡ് ചികിത്സക്കായി മാറ്റി ഏറ്റെടുത്തതിനാല്‍  പകര്‍ച്ച വ്യാധികള്‍ കൂടുന്നത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകാന്‍ ഇടയാക്കുമെന്നും ഒരു പക്ഷേ മരണകാരണമാകാമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അതിനാല്‍ കൃത്യമായി പരിസര ശുചീകരണം നടത്തി എലി കൊതുക്, ഈച്ച തുടങ്ങിയവ വളരുന്നതിനുള്ള സാഹചര്യം ഒഴിവാക്കണം.ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ വെള്ളിയാഴ്ചകളിലും തൊഴിലിടങ്ങളും, ശനിയാഴ്ചകളില്‍ പൊതു സ്ഥലങ്ങളും, ഞായറാഴ്ചകളില്‍ വീടുകളിലും കൊതുക്, ഈച്ച, എലി എന്നിവ വളരുന്നതിനുള്ള സാഹചര്യം ഇല്ലാതാക്കുന്നതിന്ന് ഡ്രൈ ഡേ ആചരിക്കണം. കൊതുക് വളരാനുള്ള സാഹചര്യങ്ങള്‍ കണ്ടെത്തി ഉറവിടം നശിപ്പിക്കാന്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമായും ശ്രദ്ധിക്കണം.  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം പ്രവര്‍ത്തനങ്ങള്‍.മഴക്കാലം ശക്തി പ്രാപിക്കുന്നതോട് കൂടി  കോവിഡിനൊപ്പം മഴക്കാല രോഗങ്ങളും പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ വാര്‍ഡ് തല ശുചിത്വ സമിതികളുമായി സഹകരിച്ച് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച് ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കണം
ശുചീകരണത്തിന് 30,000 രൂപ വരെ ചെലവഴിക്കാം
മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്തുകളിലെയും നഗരസഭകളിലെയും  ഓരോ വാര്‍ഡിലും 30,000 രൂപ വരെ ചെലവഴിക്കാം.  ഇതില്‍ 10,000 രൂപ വീതം ദേശീയ ആരോഗ്യ ദൗത്യവും ശുചിത്വ മിഷനും നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ നിന്ന് 10,000 രൂപയും വിനിയോഗിക്കണം. വാര്‍ഡ് തല പ്രവര്‍ത്തന രേഖയുടെ ആവശ്യകത അനുസരിച്ചാണ് ഈ തുക ചെലവഴിക്കേണ്ടത്. മുന്‍ വര്‍ഷത്തെ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമായിരിക്കും തുക നല്‍കുക.