കോവിഡ് സ്ഥിരീകരിച്ച് വീടുകളില്‍ കഴിയുന്നവര്‍ ഏതെങ്കിലും സാഹചര്യത്തില്‍ ആശുപത്രികളിലേക്ക് പോകേണ്ടി വന്നാല്‍ പ്രാദേശിക ആരോഗ്യ സ്ഥാപനത്തിലെ മെഡിക്കല്‍ ഓഫീസറുടെയോ, ബ്ലോക്ക് കണ്‍ട്രോള്‍ സെല്ലിന്റെയോ, ജില്ലാതല വാര്‍ റൂമില്‍ നിന്നുള്ളതോ ആയ നിര്‍ദേശം അനുസരിച്ച് മാത്രമേ പോകാവൂയെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധം കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ സന്ദേശങ്ങള്‍  പ്രചരിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിശദീകരണം നല്‍കിയത്.
കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട്  മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതിനുപുറമേ കിടത്തി ചികിത്സാ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തത്തോടുകൂടി സര്‍ക്കാര്‍ മാനദണ്ഡപ്രകാരം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ എംപാനല്‍ ചെയ്തിട്ടുള്ള പ്രധാനപ്പെട്ട എല്ലാ സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സ സൗകര്യം  ലഭ്യമാക്കിയിട്ടുണ്ട്.
കോവിഡ് ജാഗ്രത പോര്‍ട്ടലിലെ ഇത്തരം ഔദ്യോഗിക വിവരങ്ങള്‍ക്ക്  പുറമേ ജില്ലയില്‍ കോവിഡ് രോഗനിയന്ത്രണത്തിനായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന  ബ്ലോക്ക് കണ്‍ട്രോള്‍ സെല്ലുകള്‍, ഡി.പി.എം.എസ്.യു കോവിഡ് വാര്‍ റൂം എന്നിവയുടെ മേല്‍നോട്ടത്തിലാണ് സര്‍ക്കാര്‍, സ്വകാര്യ കോവിഡ്   ആശുപത്രികളിലെ പേഷ്യന്റ് മാനേജ്‌മെന്റ് നടത്തിവരുന്നത്. കോവിഡ് സ്ഥിരീകരിച്ച ഒരു രോഗിക്ക് തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലെ അല്ലെങ്കില്‍ സി.എഫ്.എല്‍.ടി.സിയിലെ ഡോക്ടര്‍, ബ്ലോക്ക് തല കണ്‍ട്രോള്‍ സെല്‍, ജില്ലാ വാര്‍ റൂം എന്നിവിടങ്ങളില്‍ നിന്നും  നിര്‍ദേശിക്കുന്നതനുസരിച്ചാണ് ഈ രോഗിക്ക്  വീട്ടിലെ തന്നെ പരിചരണം മതിയോ അല്ലെങ്കില്‍  ഡൊമിസിലറി കെയര്‍ സെന്ററുകള്‍, പ്രാഥമിക, ദ്വിദീയ തല സെന്ററുകള്‍, കോവിഡ് ആശുപത്രികള്‍ എന്നിവിടങ്ങളിലേക്ക് വിടണമോ എന്നു തീരുമാനിക്കുന്നത്. ഇവിടെനിന്നും വിദഗ്ധചികിത്സ ആവശ്യമെങ്കില്‍ സ്വകാര്യ കോവിഡ് ആശുപത്രിയിലേക്ക്  സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസര്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി റഫര്‍ സംവിധാനം വഴി രോഗിയെ റഫര്‍ ചെയ്താല്‍ മാത്രമെ എംപാനല്‍ ചെയ്ത  സ്വകാര്യ ആശുപത്രിയില്‍ സൗജന്യമായ ചികിത്സ ലഭ്യമാവുകയുള്ളൂ. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഇന്‍ഷ്വറന്‍സ് കാര്‍ഡുള്ള രോഗികള്‍ക്ക് മേല്‍പറഞ്ഞ ആശുപത്രികളില്‍ നേരിട്ട് ചികില്‍സ സൗജന്യമായി ലഭ്യമാകും. ഒരു ആശുപത്രിയില്‍ നിന്നും മറ്റ് ഉയര്‍ന്ന സ്വകാര്യ ആശുപത്രികളിലേക്ക് പോകുമ്പോഴും ചികിത്സിക്കുന്ന ആശുപത്രിയില്‍ നിന്നുള്ള റഫറല്‍ കത്തിനോടൊപ്പം താലൂക്ക് തല നോഡല്‍ ഓഫീസറുടെ റഫറല്‍ കത്തും കോവിഡ് ടെസ്റ്റ് പോസിറ്റീവായ  റിസള്‍ട്ടും  കൂടെ ഉണ്ടെങ്കില്‍ മാത്രമേ ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളു. ജില്ലാതല വാര്‍ റൂം മുഖാന്തിരം റഫര്‍ ചെയ്യുമ്പോള്‍ ഈ റഫറല്‍ കത്ത് ജില്ലാതല വാര്‍ റൂമില്‍ നിന്നും ഇലക്ട്രോണിക് മീഡിയ വഴി ബന്ധപ്പെട്ട ആശുപത്രിയിലേക്ക് നല്‍കുന്നതായിരിക്കും.  രോഗികളെ റഫര്‍ ചെയ്യുമ്പോള്‍ ജില്ലാതല വാര്‍ റൂം വഴി ആകണമെന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ഡി.എം.ഒ അറിയിച്ചു.