തൃശ്ശൂർ:  എളവള്ളി ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ മിഷന്‍ മുഖേന നടത്തുന്ന അഗതി രഹിത കേരളം ചികിത്സാ പദ്ധതി ആരംഭിച്ചു. ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. പദ്ധതിയുടെ ഭാഗമായി 16 വാര്‍ഡുകളില്‍ നിന്നായി തിരഞ്ഞെടുത്ത 109 അഗതി കുടുംബങ്ങള്‍ക്ക് ചികിത്സ സംബന്ധമായ മരുന്നുകള്‍ മാസംതോറും വിതരണം ചെയ്യും.

ചിറ്റാട്ടുകര സര്‍വ്വീസ് സഹകരണ ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍സ് വഴിയാണ് മരുന്നുകള്‍ ലഭ്യമാക്കുന്നത്. മരുന്നുകള്‍ ലഭിക്കുന്നതിന് അഗതി കുടുംബങ്ങള്‍ക്ക് ചികിത്സാ കാര്‍ഡുകളും നല്‍കുന്നുണ്ട്. ഇതിന് പുറമെ മാസംതോറുമുള്ള ഭക്ഷണ കിറ്റ് വിതരണവും പഞ്ചായത്തില്‍ നടത്തിവരുന്നുണ്ട്.ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജിയോ ഫോക്സ് നിര്‍വഹിച്ചു.

ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ എന്‍ ബി ജയ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ബിന്ദു പ്രദീപ്, ജനപ്രതിനിധികളായ സൗമ്യ രതീഷ്, ഷാലി ചന്ദ്രശേഖരന്‍, സീമ ഷാജു, പി എം അബു, എളവള്ളി പഞ്ചായത്ത് സെക്രട്ടറി തോമസ് രാജന്‍, കുടുംബശ്രീ മിഷന്‍ സോഷ്യല്‍ ഡെവലപ്പ്മെന്‍റ് കോര്‍ഡിനേറ്റര്‍ കെ യു ഉല്ലാസ്, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ കെ ആര്‍ രാഗി, സരിത മനോജ് എന്നിവര്‍ പങ്കെടുത്തു.