പാലക്കാട്:   വായനാ മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല പരിപാടികള്‍  ജൂണ്‍ 19 ന് രാവിലെ 11 ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ പി.എന്‍ പണിക്കര്‍ ഫൗണ്ടേഷനാണ് വായനാ മാസാചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ, ഗംഗോത്രി ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് പരിപാടികള്‍ നടത്തുന്നത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലിരുന്ന് വായനാദിന പ്രതിജ്ഞ ചൊല്ലും. ക്വിസ്, പ്രസംഗം, ഉപന്യാസം, കഥ പറച്ചില്‍, ചിത്ര രചന തുടങ്ങിയ മല്‍സരങ്ങളും സംഘടിപ്പിക്കും.

കേന്ദ്ര സര്‍ക്കാരിന്റെ നീതി ആയോഗ്, നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ തുടങ്ങിയവയുടെ സഹകരണത്തോടെ വിവിധ വെബിനാറുകളും വായനാ ദിനം, വായനാ വാരം എന്നിവ സംഘടിപ്പിക്കും. വായനാ മഹോല്‍സവത്തിന്റെ സംസ്ഥാനതല  ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.