കാസർഗോഡ്:   കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ജില്ലയില്‍ രോഗ സ്ഥിരീകരണ നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നത് ആശ്വാസമാകുന്നു. പരിശോധനകളുടെ എണ്ണം കൂടുമ്പോള്‍ പോസിറ്റിവിറ്റി നിരക്ക് കുറയുന്നു. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കെടുത്താല്‍ മിക്ക തദ്ദേശ സ്ഥാപന പരിധികളിലെയും പരിശോധന കൂടിയിട്ടുണ്ട്.

കോവിഡിന്റെ രണ്ടാം ഘട്ടത്തിന്റെ തുടക്കത്തില്‍ രോഗികളുടെ എണ്ണം വളരെ ഉയര്‍ന്ന പഞ്ചായത്തുകളിലുള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഫലപ്രദമാകുന്നുവെന്നതിന്റെ സൂചനകളാണ് പ്രതിദിന പരിശോധന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബേഡഡുക്ക പഞ്ചായത്തില്‍ തുടര്‍ച്ചയായ ഏഴ് ദിവസം 10 ശതമാനത്തില്‍ താഴെയാണ് സ്ഥിരീകരണ നിരക്ക്. പടന്നയില്‍ അഞ്ച് ദിവസമായും കാസര്‍കോട് നഗരസഭയില്‍ മൂന്ന് ദിവസമായും രോഗ സ്ഥിരീകരണ നിരക്ക് പത്ത് ശതമാനത്തില്‍ താഴെയെത്തി. പ്രതിദിന കണക്കെടുപ്പില്‍ ശരാശരി 12 പഞ്ചായത്തുകളില്‍ രോഗ സ്ഥിരീകരണ നിരക്ക് 10 ല്‍ താഴെയാണ്. രണ്ടാം തരംഗത്തിന്റെ തുടക്കത്തില്‍ മഞ്ചേശ്വരം, മീഞ്ച, പള്ളിക്കര, ദേലംപാടി, ചെറുവത്തൂര്‍, ബെള്ളൂര്‍, ബദിയടുക്ക, കിനാനൂര്‍-കരിന്തളം, പുത്തിഗെ, വെസ്റ്റ് എളേരി, എൻമകജെ, കാറഡുക്ക, കയ്യൂര്‍-ചീമേനി, മംഗല്‍പാടി, മുളിയാര്‍, തൃക്കരിപ്പൂര്‍, വലിയ പറമ്പ്, വോര്‍ക്കാടി, പിലിക്കോട്, പൈവളിഗെ പഞ്ചായത്തുകളില്‍ പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കുറഞ്ഞു വരുന്നുണ്ട്.

കുംബഡാജെയില്‍ തിങ്കളാഴ്ച 60 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. പരിശോധന നടത്തിയ പത്തില്‍ ആറ് പേരും പോസിറ്റീവായി. വലിയ പറമ്പയില്‍ നാലില്‍ രണ്ട് പേരും വോര്‍ക്കാടിയില്‍ രണ്ടില്‍ ഒരാളും പോസിറ്റീവ് ആയപ്പോള്‍ സ്ഥിരീകരണ നിരക്ക് 50 ശതമാനമാണ്. നൂറില്‍ കൂടുതല്‍ പരിശോധന നടന്ന പഞ്ചായത്തുകളില്‍ മധൂരിലാണ് സ്ഥിരീകരണ നിരക്ക് കൂടുതല്‍.

112 പേരില്‍ 62 പേരും പോസിറ്റീവായപ്പോള്‍ 55.4 ശതമാനമാണ് തിങ്കളാഴ്ചത്തെ പോസിറ്റിവിറ്റി നിരക്ക്. ചെങ്കളയില്‍ 133 പേരില്‍ 26, ചെറുവത്തൂരില്‍ 225ല്‍ 10, ദേലംപാടിയില്‍ 169 ല്‍ ആറ് പേർ എന്നിങ്ങനെ പോസിറ്റീവായി. കിനാനൂരില്‍ 112 ല്‍ എട്ട്, മംഗല്‍പാടിയില്‍ 183 പേരില്‍ 21, പടന്നയില്‍ 138 ല്‍ 12, പള്ളിക്കരയില്‍ 123ല്‍ അഞ്ച്, പിലിക്കോട് 173 ല്‍ 10 എന്നിങ്ങനെയാണ് തിങ്കളാഴ്ചത്തെ പരിശോധനയില്‍ പോസിറ്റീവായത്. ബേഡഡുക്കയില്‍ തിങ്കളാഴ്ച 386 പേര്‍ പരിശോധനക്ക് വിധേയരായപ്പോള്‍ സ്ഥിരീകരിക്കപ്പെട്ടത് 15 പേര്‍ക്ക് മാത്രം.

ജൂണ്‍ 14 വരെയുള്ള കണക്ക് പ്രകാരം ജില്ലയില്‍ ഏറ്റവും കുറവ് രോഗികള്‍ ഉള്ളത് ബെള്ളൂരിലാണ്. ആറ് പേരാണ് ഇവിടെ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. മധൂര്‍, അജാനൂര്‍ എന്നിവിടങ്ങളിലാണ് രോഗികളുടെ എണ്ണം കൂടുതലുള്ളത്. മധൂരില്‍ 196 പേരും അജാനൂരില്‍ 182 പേരും ചികിത്സയിലുണ്ട്. ബദിയടുക്ക, ചെമ്മനാട്, കാഞ്ഞങ്ങാട്, കയ്യൂര്‍-ചീമേനി, കുമ്പള, മംഗല്‍പാടി, നീലേശ്വരം, പള്ളിക്കര, പുല്ലൂര്‍ പെരിയ, ഉദുമ എന്നിവിടങ്ങളില്‍ രോഗികളുടെ എണ്ണം നൂറിന് മുകളിലാണ്