മലപ്പുറം: വള്ളിക്കുന്ന് തീരദേശ മേഖലയില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും ടൂറിസത്തിനും പരിഗണന നല്‍കിയുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് മുന്നോടിയായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ സന്ദര്‍ശനം. കടലുണ്ടിക്കടവ്, ആനങ്ങാടി ഫിഷ് ലാന്‍ഡിങ് സെന്റര്‍, മുദിയം ബീച്ച്, അരിയല്ലൂര്‍ പരപ്പാല്‍ ബീച്ച് എന്നിവിടങ്ങളിലാണ് മന്ത്രി സജി ചെറിയാന്‍ സന്ദര്‍ശിച്ചത്. കടലുണ്ടിക്കടവില്‍ മത്സ്യബന്ധന വള്ളങ്ങള്‍ നങ്കൂരമിടുന്ന പ്രദേശത്ത് കൂടുതല്‍ സൗകര്യങ്ങളൊരുക്കാനും പക്ഷിസങ്കേതം കൂടിയായ പ്രദേശത്തെ ടൂറിസം സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

മുദിയം ബീച്ചില്‍ പാലം പ്രവൃത്തി എത്രയും വേഗത്തില്‍ തുടങ്ങാനും കടലാക്രമണത്തില്‍ തകര്‍ന്ന അരിയല്ലൂര്‍ പരപ്പാല്‍ ബീച്ച് പ്രദേശത്തെ ടിപ്പുസുല്‍ത്താന്‍ റോഡ് പുനര്‍ നിര്‍മ്മിക്കുമെന്നും ശാശ്വത പ്രശ്‌ന പരിഹാരത്തിനായി കടല്‍ഭിത്തി കെട്ടുമെന്നും മന്ത്രി വ്യക്തമാക്കി. ആനങ്ങാടി ഫിഷ് ലാന്‍ഡിങ് സെന്റര്‍ മിനിഹാര്‍ബറാക്കി മാറ്റാനും പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. സന്ദര്‍ശന വേളയില്‍ മന്ത്രി വിവിധ ആവശ്യങ്ങളിലുള്ള നിവേദനങ്ങളും സ്വീകരിച്ചു.

പി.അബ്ദുള്‍ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍, തീരദേശവികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഷെയ്ക്ക് പരീത് ഐഎഎസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ചിത്ര, തീരദേശ വികസന കോര്‍പ്പറേഷന്‍ ചീഫ് എഞ്ചിനീയര്‍ മുഹമ്മദ് അന്‍സാരി, ഹാര്‍ബര്‍ എഞ്ചിനീയറിങ് ചീഫ് എഞ്ചിനീയര്‍ ജോമോന്‍, ഹാര്‍ബര്‍ എഞ്ചിനീയര്‍ വകുപ്പ് നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ കുഞ്ഞിമമ്മു പറവത്ത്, മലപ്പുറം ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രാജീവ്, തീരദേശ വികസന കോര്‍പ്പറേഷന്‍ റീജ്യനല്‍ മാനേജര്‍ പി അബ്ദുല്‍മജീദ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രൂപേഷ്, മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ അംഗം കൂട്ടായി ബഷീര്‍, ആഭരണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വിപി സോമസുന്ദരന്‍, പഞ്ചായത്ത് പ്രസിഡന്റ് എ.ഷൈലജ, വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എ.പി സിന്ധു, ഹാര്‍ബര്‍ എഞ്ചിനീയറിങ് എക്‌സിക്യൂട്ടീവ് എം. കുഞ്ഞിമാമ്മു, മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.