ആലപ്പുഴ : മുതിർന്ന പൗരൻമാരുടെ സംരക്ഷണം സാമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അവർക്ക് ആരോഗ്യകരമായ ജീവിത സാഹചര്യമൊരുക്കുന്നതിന് യുവതലമുറക്ക് പ്രധാന പങ്കുവഹിക്കുവാൻ കഴിയുമെന്നും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ജില്ലാ സാമൂഹ്യനീതി വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മുതിർന്ന പൗരൻമാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്ക്കരണ ദിനാചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എൽ.എ. എച്ച്. സലാമിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ.എം ആരിഫ് എം.പി. മുഖ്യ അതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജേശ്വരി ദിനാചരണ സന്ദേശം നൽകി. ജില്ലാ കളക്ടർ എ.അലക്സാണ്ടർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി മുതിർന്ന പൗരന്മാരുടെ അവകാശ സംരക്ഷണം – വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിച്ചു. നാഷണൽ സർവ്വീസ് സ്കീം ജില്ലാ കോ-ഓർഡിനേറ്റർ പ്രൊഫ. നിഷാദ്.ടി മോഡറേറ്ററായി. എറണാകുളം സ്പെഷ്യൽ കോർട്ട് എൻ.ഐ.എ ജഡ്ജ് കമനീസ്.കെ, കാപ്സ് പ്രസിഡൻ്റ് ലിഡ ജേക്കബ് , ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അഡ്വ. കെ. അനിൽകുമാർ , അഡീഷണൽ പ്രൊഫസർ ഓഫ് പീഡിയാട്രിക്സ് & ചൈൽഡ് സൈക്കിയാട്രിസ്റ്റ് ഡോ.ജയപ്രകാശ്.ആർ , എൽ. ജെ.ആർ.എഫ് സ്റ്റേറ്റ് ചാപ്റ്റർ മെമ്പർ അഡ്വ. എ . റൺസി മാത്യൂ, എന്നിവർ പങ്കെടുത്തു.
ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് ‘വയോജന സംരക്ഷണം സാമൂഹ്യ ഉത്തരവാദിത്തം ‘ എന്ന വിഷയത്തിൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. ബോധവത്ക്കരണത്തിന്റെ ഭാഗമായി ഗോൾഡൺ സ്പാരോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച ഇന്ത്യൻ ഹ്രസ്വ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ജിജോ ജോർജ് സംവിധാനം ചെയ്ത ‘ദി സൗണ്ട് ഓഫ് എജ് (ബെയ്സ്ഡ് ഓൺ ട്രൂ സൗൺണ്ട്സ്) ‘ ജില്ലയിലെ എല്ലാ കോളേജുകളിലും ഓൺലൈനായി പ്രദർശിപ്പിക്കുകയും വിദ്യാർത്ഥികളുമായി സിനിമയുടെ സംവിധായകൻ സംവദിക്കുകയും ചെയ്തു.
വയോജന സംരക്ഷണ നിയമത്തെ അടിസ്ഥാനപ്പെടുത്തി ചെങ്ങന്നൂർ, ആലപ്പുഴ മെയിൻ്റനൻസ് ട്രൈബ്യുണലുകളിൽ നടത്തിയ ബോധവത്ക്കരണ ക്ലാസുകൾ ചെങ്ങന്നൂർ, ആലപ്പുഴ ആർ.ഡി.ഒ മാരായ സാജിദ ബീഗം.എൻ, ജിനു പുന്നൂസ് എന്നിവർ ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ അബീൻ ഒ.എ അദ്ധ്യക്ഷതയിൽ നടന്ന ബോധവത്ക്കരണ പരിപാടിയിൽ കൺസിലിയേഷൻ ഓഫീസറായ ജി. രാജേന്ദ്രൻ, ടെക്നിക്കൽ അസിസ്റ്റൻ്റുമാരായ എം.എ വാഹിദ്, സജീന മോൾ .റ്റി എന്നിവർ ക്ലാസ് നയിച്ചു.
മുതിർന്ന പൗരൻമാരുടെ സംരക്ഷണം യുവതലമുറയുടെ കടമയാണെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി ജില്ലയിലെ എല്ലാ സ്കൂൾ ,കോളേജ് വിദ്യാർത്ഥികളും അവരവരുടെ വീടുകളിൽ മുതിർന്നവരുടെ സാന്നിദ്ധ്യത്തിൽ സംരക്ഷണ പ്രതിജ്ഞ ചൊല്ലി.
ദിനാചരണത്തിൻ്റെ ഭാഗമായി വൈകുന്നേരം ജില്ലയിലെ വയോജന മന്ദിരങ്ങളിലെ താമസക്കാരെ ഓൺലൈനായി പങ്കെടുപ്പിച്ച് കൊണ്ട് സർഗ്ഗ സല്ലാപം എന്ന പരിപാടി സംഘടിപ്പിച്ച് വയോജനങ്ങൾ വിവിധ കലാപരിപാടികൾ പ്രദർശിപ്പിച്ചു. സിത്താര കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്ത സർഗ്ഗ സല്ലാപത്തിൽ അതിഥികളായി 2019 ലെ സംസ്ഥാന അവാർഡ് ജേതാവായ ഗാനരചയിതാവ് സുജേഷ് ഹരി, ഗായിക അനുഗ്രഹ സോണി, സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകൻ പ്രേം സായ് ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലാതല വയോജന കൗൺസിൽ അംഗം മധുമണി അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ വകുപ്പ് , ജില്ലാതല എൻ.എസ്. എസ് യൂണിറ്റ്, ലോ ആന്റ് ജസ്റ്റിസ് റിസർച്ച് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോട് കൂടിയാണ് വിവിധ പരിപാടികളോടെ ദിനാചരണം സംഘടിപ്പിച്ചത്. ദിനാചരണ പരിപാടികൾക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസർ അബീൻ എ.ഒ, എന്‍.എസ്.എസ് ജില്ലാ കോഡിനേറ്റർ നിഷാദ്. ടി , എൽ.ജെ.ആർ.എഫ് മെന്റർ സഫി മോഹൻ, ഡി.ഡി. ഇ ഷീല, മെയിന്റനൻസ് ട്രൈബ്യുണൽ ടെക്നിക്കൽ അസിസ്റ്റൻ്റുമാരായ എം.എ വാഹിദ്, സജീന മോൾ. റ്റി എന്നിവരും എൽ.ജെ.ആർ .എഫ് പ്രതിനിധികളായ ജിനോ കുര്യൻ, ജോമോൾ, റിൻസി, ഉത്തര, കോവിഡ് ബ്രിഗേഡ് ലീഡേഴ്സായ റോഷൻ, യദു ,അക്ഷയ് തുടങ്ങിയവരും നേതൃത്വം നൽകി.