വൈദ്യുതി കണക്ഷന്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം മുടങ്ങിയ ചാലിയാര്‍ കല്ലുണ്ട പട്ടികവര്‍ഗ കോളനിയിലെ ബദല്‍ സ്‌കൂളില്‍ മന്ത്രി കെ.കൃഷ്ണന്‍ കൂട്ടിയുടെ ഇടപെടലിനെ തുടര്‍ന്ന് വൈദ്യുതിയെത്തി. ഓണ്‍ലൈന്‍ പഠനം പ്രതിസന്ധിയിലായ വിദ്യാര്‍ഥികളുടെ ദുരവസ്ഥ പഞ്ചായത്ത് അധികൃതരാണ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. വിഷയത്തില്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയ അദ്ദേഹം സാങ്കേതിക പ്രശ്നങ്ങള്‍ നീക്കി സ്‌കൂളിലേക്ക് അടിയന്തരമായി വൈദ്യുതി കണക്ഷന്‍ നല്‍കി. ഇതിനായി പട്ടിക വര്‍ഗവികസന വകുപ്പിന്റെ 2021-22 കോര്‍പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 39,961 രൂപയാണ് അനുവദിച്ചത്.  പണിയ വിഭാഗത്തില്‍പെട്ട 33 വിദ്യാര്‍ഥികളാണ് ഓണ്‍ലൈന്‍ പഠനത്തിനായി കല്ലുണ്ട ബദല്‍ സ്‌കൂളിനെ ആശ്രയിക്കുന്നത്.

കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയതോടെ ഓണ്‍ലൈന്‍ പഠനം പ്രതിസന്ധിയിലായ ബദല്‍ സ്‌കൂളുകള്‍ക്ക് എത്രയും പെട്ടെന്ന് വൈദ്യുതി ലഭ്യമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കരുളായി പുലിമുണ്ട, മുണ്ടേരി വാണിയമ്പുഴ കോളനി, പോത്തുകല്ല് കൊടീരി, ചാലിയാര്‍ പണപൊയില്‍, മമ്പാട് പുള്ളിപ്പാടം, ഊര്‍ങ്ങാട്ടിരി മൈലാടി, എടവണ്ണ കൊളപ്പാട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏകാധ്യാപക വിദ്യാലയങ്ങളിലും വൈദ്യുതി എത്തിക്കാന്‍ ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചു.

കോവിഡ് പ്രതിസന്ധി ആരംഭിച്ചതു മുതല്‍ പട്ടിക വര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള ഐ.ടി.ഡി.പി, നിലമ്പൂര്‍ ബി.ആര്‍.സി, ഐ.ജി.എം.എം.ആര്‍.എസ് എന്നിവയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ, സന്നദ്ധ  സംഘടനകളുടെ സഹകരണത്തോടെ വനാന്തരങ്ങളിലെ ഊരുകളിലും ഓണ്‍ലൈന്‍ പഠനത്തിനായി സൗകര്യമൊരുക്കിയിട്ടുണ്ട്. ഊരുകളിലെ പഠന കേന്ദ്രങ്ങള്‍, സാംസ്‌കാരിക നിലയം, വായനശാല, ഏകാധ്യാപക വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലാണ് ക്ലാസുകള്‍ സജ്ജമാക്കിയിട്ടുള്ളത്.