പാലക്കാട്‌: കോവിഡ് പ്രതിരോധ പ്രവര്ത്തനത്തിന്റെ ഭാഗമായി താഴെ പറയുന്ന പഞ്ചായത്തുകളിലെ കെട്ടിടങ്ങള് കൂടി ഡൊമിസിലിയറി കെയര് സെന്ററുകളായി പ്രവര്ത്തിക്കുന്നതിന് അനുമതി നല്കി ജില്ലാ കലക്ടര് മൃണ്മയി ജോഷി ഉത്തരവിട്ടു. ഇതോടെ ജില്ലയിലെ ഡൊമിസിലിയറി കെയര് സെന്ററുകളുടെ എണ്ണം 61 ആയി.
1. മണ്ണൂര് ഗ്രാമപഞ്ചായത്ത് – ബോയ്‌സ് ഹോസ്റ്റല്, മൗണ്ട് സീന പബ്ലിക് സ്‌കൂള്, പത്തിരിപ്പാല
2. എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് – ബി.ജി.എച്ച്.എസ്, വണ്ണാമട
3. പുതുശ്ശേരി ഗ്രാമപഞ്ചായത്ത് – ഗവ.ഹയര് സെക്കന്ററി സ്‌കൂള്, കഞ്ചിക്കോട്
4. മേലാര്കോട് ഗ്രാമപഞ്ചായത്ത് – എം.എന്.കെ.എം.എച്ച്.എസ്.എസ്, ചിറ്റിലഞ്ചേരി
പ്രസ്തുത ഡൊമിസിലിയറി കെയര് സെന്ററുകളുടെ പൂര്ണ്ണ ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ / സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ മെഡിക്കല് ഓഫീസര്മാര്ക്കാണ്. ഇവിടേക്ക് ആവശ്യമുള്ള നഴ്സിംഗ് സ്റ്റാഫിനെയും മറ്റ് ജീവനക്കാരെയും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് നിയമിക്കണം. ഇവര്ക്ക് മെഡിക്കല് ഓഫീസര് പരിശീലനവും നല്കണം. കൂടാതെ ഡൊമിസിലിയറി കെയര് സെന്ററുകളില് പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് രോഗബാധിതര്ക്കുള്ള ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങള് എന്നിവ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് ഏര്പ്പെടുത്താനും ജില്ലാ കലക്ടര് നിര്ദ്ദേശിച്ചു.