പൊതുവിദ്യാലയങ്ങളുടെയും വിദ്യാഭ്യാസത്തിന്‍റെയും സംരക്ഷണത്തിനും വികസനത്തിനും വേണ്ടത് വിദ്യാര്‍ത്ഥി കേന്ദ്രീകൃത ബോധനരീതിയും ജനപങ്കാളിത്തവുമെന്ന് വ്യവസായ വകുപ്പു മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുപങ്കാളിത്തത്തോടെ പഴഞ്ഞി ജി വി എച്ച് എസ് എസ് സ്കൂളില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ മൂന്നു കോടി രൂപയും മറ്റു തുക ജനപങ്കാളിത്തത്തോടെയും സമാഹരിക്കണം. രാജ്യത്തിനകത്തും പുറത്തുമായ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹായം തേടണം. സ്കൂളിന്‍റെ ഭാവി വികസനം സ്വന്തം കുടുംബത്തിന്‍റേതു പോലെ കാണണം. കോഴിക്കോട് നടക്കാവ് സ്കൂള്‍ അതിനു മികച്ച മാതൃകയാണ്. പതിമൂന്നു കോടിയുടെ ധനസമാഹരണത്തിലൂടെ സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനായി. അത് ആ സ്കൂളിന്‍റെ ഒരുമയും യോജിപ്പും കൂടിയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
സ്വകാര്യ വിദ്യാലയങ്ങളിലും 50 ലക്ഷം സര്‍ക്കാരും 50 ലക്ഷം മാനേജ്മെന്‍റും സമാഹരിക്കുന്ന ഒരു കോടി രൂപയുടെ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. സ്വകാര്യ സ്കൂളുകളില്‍ കുട്ടികള്‍ പോകുകയും സര്‍ക്കാര്‍ സ്കൂളുകളിലേക്ക് കുട്ടികള്‍ വരാതിരിക്കുകയും ചെയ്യുന്ന അവസ്ഥ മാറിയിട്ടുണ്ട്. സ്വകാര്യ സ്കൂളുകളില്‍ മാത്രമേ മികച്ച വിദ്യാഭ്യാസം ലഭിക്കുവെന്ന മിഥ്യാബോധം മാറ്റിയെടുക്കാന്‍ സര്‍ക്കാരിനായതായി മന്ത്രി കൂട്ടിച്ചേര്‍ത്തു. അദ്ധ്യാപകകേന്ദ്രീകൃത രീതി മാറി വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായ ബോധനരീതിയുണ്ടാകണം. ജൈവ ക്യാമ്പസ്സും വിദ്യാര്‍ത്ഥി സൗഹൃദ വിദ്യാലയങ്ങളും വേണമെന്നു മന്ത്രി അഭിപ്രായപ്പെട്ടു.
ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ വി സുമതി അദ്ധ്യക്ഷത വഹിച്ചു. കാട്ടാകാമ്പല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ സദാനന്ദന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഞ്ജുള അരുണന്‍, ജില്ലാ പഞ്ചായത്തംഗം കെ ജയശങ്കര്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ കെ ഇക്ബാല്‍, പ്രിന്‍സിപ്പാല്‍ ശാലിന്‍ ചന്ദ്ര തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് സി ജെ മാഗി സ്വാഗതവും ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ അംബിക മേബല്‍ നന്ദിയും പറഞ്ഞു.