ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി മാറാനൊരുങ്ങുന്ന വഞ്ചിക്കുളം നാച്ചുറല്‍ പാര്‍ക്കിന്റെ ഒന്നാംഘട്ട വികസന പ്രവൃത്തികളുടെ ഉദ്ഘാടനം ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിച്ചു. ടൂറിസം മേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിന് ഗ്രീന്‍കാര്‍പ്പറ്റ് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
തൃശൂര്‍ കോര്‍പറേഷനും ടൂറിസം വകുപ്പും കേന്ദ്രസര്‍ക്കാരും സംയുക്തമായാണ് വഞ്ചിക്കുള ത്തിന്റെ നവീകരണ പ്രവൃത്തികളില്‍ സഹകരിക്കുന്നത്. തൃശൂര്‍ കോര്‍പറേഷന്റെ രണ്ടുകോടിയും ടൂറിസം വകുപ്പിന്റെ മൂന്നുകോടിയും കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍നിന്ന് ഒരു കോടിയും ഉള്‍പ്പെടെ ആറുകോടിയുടെ വികസന പ്രവൃത്തികളാണ് വഞ്ചിക്കുളത്തിന്റെ നവീകരണത്തിനായി ഉപയോഗിക്കുന്നത്. നിര്‍മിതി കേന്ദ്രത്തിനാണ് അലങ്കാര പണികളുടെയും മറ്റു നിര്‍മാണ പ്രവൃത്തികളുടേയും ചുമതല. വഞ്ചിക്കുളം പൂര്‍ണമായും ശുചീകരിച്ച് ബോട്ടിംഗ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും കുളത്തിനുചുറ്റും നടപ്പാതയും ഇരിപ്പിടങ്ങളും നിര്‍മിക്കുകയും ചെയ്യുന്നതാണ് ആദ്യഘട്ടം. ഇന്റഫര്മേഷന് കൗണ്ടര്‍, ടിക്കറ്റ് കൗണ്ടര്‍, ലഘുഭക്ഷണശാല, തോടിനോടു ചേര്‍ന്ന് സൈക്കിള്‍ ട്രാക്ക് എന്നിവയും നിര്‍മിക്കും.
കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ സംരക്ഷണ ഭിത്തി നിര്‍മാണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കോര്പറേഷന് മേയര്‍ അജിത ജയരാജന് അധ്യക്ഷത വഹിച്ചു. ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ മുഖ്യാതിഥിയായിരുന്നു. ഡെപ്യൂട്ടി മേയര്‍ ബീന മുരളി, സ്ഥിരം സമിതി അധ്യക്ഷരായ എം.എല്‍.റോസി, ഷീബ ബാബു, അഡ്വ. എം.പി. ശ്രീനിവാസന്, ഫ്രാന്‍സിസ് ചാലിശേരി, ലാലി ജയിംസ്, ഡി പിസി അംഗം വര്‍ഗീസ് കണ്ടംകുളത്തി, നഗരാസൂത്രണ വര്‍ക്കിങ്ങ് ഗ്രൂപ്പ് ചെയര്മാന് അനൂപ് ഡേവിസ് കാഡ തുടങ്ങിയവര്‍ പങ്കെടുത്തു.
വഞ്ചിക്കുളം നാച്ചുറല്‍ പാര്‍ക്ക്: ഒന്നാംഘട്ട വികസന പദ്ധതി ഉദ്ഘാടനം ചെയ്തു
Home /ജില്ലാ വാർത്തകൾ/തൃശ്ശൂർ/വഞ്ചിക്കുളം നാച്ചുറല്‍ പാര്‍ക്ക്: ഒന്നാംഘട്ട വികസന പദ്ധതി ഉദ്ഘാടനം ചെയ്തു