കാസർഗോഡ്:   നീലേശ്വരം നഗരസഭയിലെ കോട്ടപ്പുറത്ത് നിര്‍മ്മാണം പുരോഗമിക്കുന്ന ഹൗസ്‌ബോട്ട് ടെര്‍മിനല്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തീകരിക്കും. മലനാട് മലബാര്‍ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി എട്ട് കോടി രൂപ ചെലവിലാണ് കോട്ടപ്പുറത്ത് ഹൗസ് ബോട്ട് നിര്‍മ്മാണം പുരോഗമിക്കുന്നത്.

ടൂറിസം വകുപ്പിന് കീഴില്‍ ഉള്‍നാടന്‍ ജലഗതാഗത വകുപ്പിനാണ് പദ്ധതിയുടെ ചുമതല. 132 മീറ്റര്‍ നീളത്തില്‍ ഒരുങ്ങുന്ന ഹൗസ് ബോട്ട് ടെര്‍മിനലില്‍ മൂന്ന് ബോട്ട് ജെട്ടികളും, യാത്രക്കാര്‍ക്കുള്ള നടപ്പാതയും, ഇരിപ്പിട സൗകര്യങ്ങളും ഉണ്ടാകും. നിലവില്‍ മുപ്പതോളം ഹൗസ്‌ബോട്ടുകളുള്ള കോട്ടപ്പുറത്ത് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടു കൂടി കായല്‍ ടൂറിസത്തിന്റെ വളര്‍ച്ചക്ക് വലിയ സഹായകരമാകുമെന്ന് എം രാജഗോപാലന്‍ എം എല്‍ എ പറഞ്ഞു.

ഹൗസ്‌ബോട്ട് ടെര്‍മിനലിലേക്ക് കോട്ടപ്പുറം ഹയര്‍സെക്കന്ററി സ്‌കൂളിന് പടിഞ്ഞാറ് ഭാഗത്തു കൂടി ഒരു കോടി 30 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന അനുബന്ധ റോഡ് പണിയും പുരോഗമിക്കുകയാണ്. പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്തുന്നതിനുവേണ്ടി എം.രാജഗോപാലന്‍ എം.എല്‍.എ , ജില്ലാ കളക്ടര്‍, ഡോ. ഡി.സജിത് ബാബു, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത, വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ്‌റാഫി, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ വി.ഗൗരി, കൗണ്‍സിലര്‍മാരായ റഫീഖ് കോട്ടപ്പുറം, ഷംസുദ്ദീന്‍ അരിഞ്ചിറ, ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍, ഡി ടി പി സി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.