കൊതുകുജന്യ രോഗമായ ഡെങ്കിപ്പനിക്കും മണ്ണില്‍ നിന്നും കുറ്റിച്ചെടികളില്‍ നിന്നും ഉണ്ടാകുന്ന ചെള്ളുപനിക്കുമെതിരെ(സ്‌ക്രബ് ടൈഫസ്)ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വീടിനുള്ളിലും പരിസരങ്ങളിലും കൊതുകിന്റെ ഉറവിടകേന്ദ്രങ്ങള്‍ ഇല്ലെന്ന് കുടുംബാംഗങ്ങള്‍ ഉറപ്പുവരുത്തണം. ആഴ്ചയില്‍ ഒരു ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വീടുകളിലും ഓഫീസ് പരിസരങ്ങളിലും ഉറവിട നശീകരണം നടത്തണം.
മണ്ണിലും കുറ്റിച്ചെടികളുടെ ഇടയിലുമാണ് സ്‌ക്രബ് ടൈഫസിന് കാരണമായ ചെള്ളുകള്‍ കാണുന്നത്. ശുചീകരണതൊഴിലാളികള്‍, കൃഷിക്കാര്‍, കാടുവൃത്തിയാക്കുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ തുടങ്ങിയവര്‍ ജാഗ്രത പുലര്‍ത്തണം. ശക്തമായ പനിയും പേശിവേദനയും തലവേദനയും ചെള്ളുപനിയുടെ പ്രധാന ലക്ഷണങ്ങളാണ്. ചെള്ളുകടിയേറ്റ ഭാഗത്ത് കറുത്ത പാടുകള്‍ ഉണ്ടാകും. കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ കയ്യുറയും കാലുറയും ധരിക്കണം. ജോലിയുടെ ഇടവേളകളില്‍ മണ്ണുനിറഞ്ഞതും കുറ്റിച്ചെടികള്‍ ഉള്ളതുമായ സ്ഥലങ്ങളില്‍ വിശ്രമിക്കുന്നത് ഒഴിവാക്കണം. രോഗലക്ഷണങ്ങളുണ്ടായാല്‍ സ്വയം ചികിത്സ ഒഴിവാക്കി അടിയന്തര വൈദ്യസഹായം തേടണം.