എറണാകുളം : മാറിയ കാലത്തിനനുസരിച്ച് ഗ്രന്ഥശാലകളുടെ മുഖം മാറണമെന്ന് വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണിക്കൃഷ്ണൻ. നവീന സാങ്കേതിക വിദ്യയുടെ സാധ്യതകൾ വിനിയോഗിച്ച് അറിവിന്റെ ഉദാത്ത കേന്ദ്രങ്ങളായി ഗ്രന്ഥശാലകളെ പരിവർത്തിപ്പിക്കണം. സംസ്ഥാന സർക്കാരും ഗ്രന്ഥശാല കൗൺസിലും അതിനനുസൃത പദ്ധതികളുമായി മുന്നോട്ടു പോകുന്നുവന്നത് ഏറെ പ്രത്യാശാജനകമാണ്. പി എൻ പണിക്കരുടെ ഓർമദിനത്തോടനുബന്ധിച്ച് കൊച്ചി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ താലൂക്ക് തല വായനാ പക്ഷാചരണം ഓച്ചന്തുരുത്ത് സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ.
അപരന്റെ വേദനകളെ തിരിച്ചറിയുന്നതു സംസ്കാരത്തിന്റെ പ്രതീകമാണ് . മികച്ച സാഹിത്യ സൃഷ്ടികളിൽ നിന്നും വായനയിലൂടെ വ്യക്തികളിലേക്ക് സന്നിവേശിക്കപ്പെടുന്നതും ഈ മാനവികതയാണ്. ഇന്റർനെറ്റ് യുഗത്തിലും പുസ്തക വായന പരിപോഷിപ്പിക്കപ്പെടുന്നത് പുസ്തക വായനായ്ക്ക് മരണമില്ലെന്നതിന്റെ തെളിവാണെന്നും എംഎൽഎ പറഞ്ഞു.
ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് എസ് സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം കൽപിത സർവ്വകലാശാല മുൻ വൈസ് ചാൻസലർ കെ ജി പൗലോസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ ലിറ്റിഷ്യ ഫ്രാൻസിസ്, ജില്ലാ സെക്രട്ടറി എം ആർ സുരേന്ദ്രൻ, താലൂക്ക് സെക്രട്ടറി ഒ കെ കൃഷ്ണകുമാർ, വൈപ്പിൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിന്ദു ഗോപി, എ പി പ്രിനിൽ, കെ എസ് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഫോട്ടോക്യാപ്ഷൻ
കൊച്ചി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ വായനപക്ഷാചരണം ഓച്ചന്തുരുത്ത് സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.