കൊവിഡ് പശ്ചാലത്തില്‍ സ്‌കൂളുകളില്‍ ഓണ്‍ലൈനില്‍ വായനാ ദിനാഘാഷോങ്ങള്‍ സംഘടിപ്പിച്ചു. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വായന വാരാഘോഷ പരിപാടികള്‍ക്കും തുടക്കമായി. ലോക്ക് ഡൗണ്‍ സമയത്തും വായനയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഒരാഴ്ചത്തെ ഓണ്‍ലൈന്‍ പരിപാടികള്‍ വിവിധ സ്‌കൂളുകളില്‍ ആരംഭിച്ചിട്ടുണ്ട്.
രാജാക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ഇ-വായന വാരാചരണം ‘പ്രതിധ്വനി’ എന്ന പേരില്‍ നടത്തുന്നു. വായനദിനത്തോടനുബന്ധിച്ച് പ്രഥമാദ്ധ്യാപിക സിന്ധു ടീച്ചര്‍ വായനദിന സന്ദേശം നല്‍കി.

ജൂണ്‍ 25 വരെ ഓണ്‍ലൈനായാണ് വാരാചരണം സംഘടിപ്പിക്കുന്നത്. പ്രാദേശിക എഴുത്തുകാര്‍ കുട്ടികളുമായി സംവദിക്കുന്ന ഈ പരിപാടിയില്‍ എസ്. ജ്യോതിസ്, ജിജോ രാജകുമാരി, അരുണ്‍ സെബാസ്റ്റ്യന്‍, ഷീല ലാല്‍, അഭിജിത്ത് കോമ്പയാര്‍, അര്‍ജുന്‍ വി. അജയന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വൈകിട്ട് 8 മണിക്കാണ് വെബിനാര്‍ നടത്തുന്നത്.

എന്‍. ആര്‍ സിറ്റി എസ്. എന്‍. വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായന ദിനത്തിന്റെയും, വായന വാരാചരണത്തിന്റെയും ഭാഗമായി 19 മുതല്‍ 25 വരെ ദിവസവും വൈകിട്ട് 6 ന് വെബിനാര്‍ നടത്തും. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കായി വാരാചരണത്തിന്റെ ഭഗമായി എച്ച് & സി ബുക്‌സുമായി ചേര്‍ന്ന് ഓരോ വിദ്യാര്‍ത്ഥിക്കും ഒരു പുസ്തകം തപാലില്‍ നല്‍കുന്ന ‘ഒരു കുട്ടിക്ക് ഒരു പുസ്തകം’ പദ്ധതി നടപ്പിലാക്കി. പുസ്തകവായന, വായന ദിന ക്വിസ്, കഥാരചന, കവിതാ രചന, അക്ഷരമരം മത്സരം എന്നിവയും ഓണ്‍ലൈനായി വിവിധ ദിവസങ്ങളില്‍ സംഘടിപ്പിക്കും.

എഴുത്തുകാരനും കായംകുളം എം. എസ്. എം കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ ഉണ്ണികൃഷ്ണന്‍ പൂഴിക്കാട്, എറണാകുളം മഹാരാജാസ് കോളേജ് മലയാള വിഭാഗം അദ്ധ്യക്ഷ ഡോ. സുമി ജോയി ഓലിയപ്പുറം, പാലാ സെന്റ് തോമസ് കോളേജ് മലയാള വിഭാഗം പ്രൊഫസര്‍ സിജു ജോസഫ്, കോത്തല എന്‍. എസ്. എസ് ഹൈസ്‌കൂള്‍ അദ്ധ്യാപകന്‍ യു. അശോക്, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് എച്ച്. എസ്. എസ് അദ്ധ്യാപികയും എഴുത്തുകാരിയുമായ ലീമ വി. കുരുവിള, ദോഹ ബിര്‍ള പബ്‌ളിക് സ്‌കൂള്‍ മലയാള വിഭാഗം മേധാവി പി. ആര്‍ ഷിജു, കവിയും പാലക്കാട് എസ്. എം. എം ഹൈസ്‌കൂള്‍ അദ്ധ്യാപകനുമായ ഡോ. സംഗീത് രവീന്ദ്രന്‍ എന്നിവര്‍ വെബിനാറില്‍ പങ്കെടുക്കും.

ചിത്രം: വായന ദിനാഘോഷത്തില്‍ പങ്കെടുക്കുന്ന രാജാക്കാട് എന്‍ ആര്‍ സിറ്റി എസ് എന്‍ വി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ശിവപ്രീയ മനില്‍